യുവതി ജീവനൊടുക്കി; കാമുകൻ അറസ്റ്റിൽ
1337889
Saturday, September 23, 2023 11:58 PM IST
മാള: ദലിത് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ കാമുകനായ യുവാവ് അറസ്റ്റിൽ.
ചെങ്ങമനാട് അടുവാശേരി വെളിയത്ത് ഷിതിനെ (34) യാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു അറസ്റ്റു ചെയ്തത്. എസ്സി - എസ്ടി നിയമപ്രകാരവും ആത്മഹത്യ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുമായി പത്തു വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹ വാഗ്ദാനം നൽകി പലവട്ടം ശാരീക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും പിന്നീട് പ്രണയബന്ധത്തിൽ നിന്ന് ഒഴിവാകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച ഇയാൾ വേറെ വിവാഹം കഴിക്കാനും ശ്രമിച്ചുവെന്നും പോലീസ് പറയുന്നു. യുവതിയുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കീഴ്ജാതിക്കാരിയെന്നതുമായിരുന്നു വിവാഹത്തിൽ നിന്നു പിൻമാറാനുള്ള കാരണമായി ഇയാൾ പറഞ്ഞതത്രെ.
പഠിക്കാൻ മിടുക്കിയും ഉയർന്ന ജോലിയുമുണ്ടായിരുന്ന പെൺകുട്ടി ഇയാളുടെ നിരന്തരമുള്ള ശാരീകവും മാനസികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യാകുറിപ്പു കണ്ടെത്തിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എഎസ്ഐ എം.സുമൽ, സീനിയർ സിപിഒ മാരായ ഇ.എസ്.ജീവൻ, ജിബിൻ ജോസഫ്,സിപിഒ കെ.എസ്.ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.