ബൈക്കപകടം: ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു
1337566
Friday, September 22, 2023 10:36 PM IST
പട്ടിക്കാട്: ദേശീയപാതയിൽ ചെമ്പൂത്രയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശിനി ഒലയംപറമ്പിൽ വീട്ടിൽ അനഘ(18) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന പൂവക്കാട്ട് വീട്ടിൽ അക്ഷയ്(20) ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20 ഓടെയാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. അയേൺ ക്രാഷ് ബാരിയറിൽ തട്ടിയ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വർക്ക്ഷോപ്പ് ജീവനക്കാർ ഓടിയെത്തുമ്പോൾ ഇരുവരും റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് 100 മീറ്ററോളം ദൂരം മുന്നോട്ട് നീങ്ങി ഡിവൈഡറിൽ ഇടിച്ച് കിടക്കുന്ന നിലയിലായിരുന്നു. അപകടകാരണം വ്യക്തമല്ല. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിംഗ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.