ഗ്രൂപ്പില്ലെന്ന് മേനിപറച്ചിൽ; നടന്നത് വീതംവയ്പ്പെന്ന്
1300732
Wednesday, June 7, 2023 12:48 AM IST
സ്വന്തംലേഖകൻ
തൃശൂർ: പാർട്ടിയിൽ ഗ്രൂപ്പില്ലെന്ന് പറയുകയും തങ്ങളുടെ വിഭാഗത്തിന് കാര്യമായി ഒന്നും കിട്ടിയില്ലെന്ന് പറയുകയും ചെയ്യുന്നതോടെ നേതാക്കളുടെ തനി സ്വഭാവം പിടികിട്ടിയെന്ന് കോൺഗ്രസ് പ്രവർത്തകർ. നാളിതുവരെയായി തങ്ങളുടെ ആളുകളെ പ്രധാന സ്ഥാനങ്ങളിലിരുത്തിയാണ് ഗ്രൂപ്പ് നേതാക്കൾ പാർട്ടിയെ കൈപ്പിടിയിലൊതുക്കിയിരുന്നത്. ഇപ്പോൾ തങ്ങൾ പറഞ്ഞയാളുകളെ വച്ചില്ലെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നതോടെ പാർട്ടിയിൽ ഇപ്പോഴും ഗ്രൂപ്പ് ശക്തമാണെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നു. തങ്ങൾക്ക് കിട്ടിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ എണ്ണം കുറവായതോടെ ഡിസിസിയുമായി സഹകരിക്കുക പോലുമില്ലെന്ന നിലപാടാണ് ചില ഗ്രൂപ്പുകൾക്കുള്ളത്. എന്നാൽ നേതാക്കൾ തങ്ങളുടെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റി നടത്തിയ നീക്കങ്ങൾക്കെതിരെ എ വിഭാഗത്തിലെ യുവ നേതാക്കൾ രംഗത്തു വന്നതോടെയാണ് മുതിർന്ന നേതാക്കൾക്ക് തിരിച്ചടിയായത്.
കെ.സി. വേണുഗോപാലിന് എഐസിസിയിലുള്ള സ്വാധീനം ഉപയോഗിച്ചാണ് തൃശൂരിലെ പാർട്ടി പിടിച്ചടക്കിയിരിക്കുന്നതെന്നാണ് മറ്റു ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. എം.പി. വിൻസന്റിനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചപ്പോഴും ഇത്തരം വിവാദമുണ്ടായിരുന്നു. ആദ്യം നിയമിച്ചപ്പോൾ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് കെ.സി. വേണുഗോപാലിന്റെ സ്വാധീനം ഉപയോഗിച്ചാണ് വീണ്ടും കണ്‍വീനറായി നിയമിച്ചത്.
ഈ വിവാദം കെട്ടടങ്ങുന്നതിനുമുന്പാണ് വീണ്ടും ഇപ്പോൾ പാർട്ടിയെ മൊത്തമായി വിഴുങ്ങുന്ന നിലയിലേക്ക് കെ.സി. വേണുഗോപാൽ സ്വാധീനം ഉപയോഗിച്ചിരിക്കുന്നതെന്നാണ് മറ്റു നേതാക്കളുടെ അഭിപ്രായം. എന്തായാലും ഇത്തരത്തിലുള്ള നീക്കങ്ങൾ അംഗീകരിച്ചുകൊടുക്കാൻ തയാറല്ലെന്ന നിലപാടാണ് എ ഗ്രൂപ്പ് അടക്കമുള്ളവരുടേത്.