ഉൗട്ടുതിരുനാളിന് കൊടിയേറി
1300730
Wednesday, June 7, 2023 12:48 AM IST
കൊരട്ടി അമലോത്ഭവ മാതാ പള്ളി
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രമായ കൊരട്ടി അമലോത്ഭവ മാതാ പള്ളിയിൽ ഉൗട്ടു തിരുനാളിന് കൊടിയേറി. കൊടിയേറ്റിനും അനുബന്ധ പ്രാർഥനാ ശുശ്രൂഷകൾക്കും മോണ്‍ മാത്യു ഇലഞ്ഞിമറ്റം മുഖ്യകാർമികനായി. തീർഥാടന കേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശേരി, ഫാ. സുജിത് സ്റ്റാൻലിൻ നടുവിലപറന്പിൽ, ഫാ. ആന്റണി ഇലഞ്ഞിക്കൽ എന്നിവർ സഹകാർമികരായി. 13ന് നടക്കുന്ന ഉൗട്ടു തിരുനാളിന് ഒരുലക്ഷം പേർക്കാണ് നേർച്ചസദ്യയൊരുക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാണ് നേർച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. പളളിയിലെത്താനാകാതെ കഴിയുന്ന രോഗികൾക്കായി 25,000 പൊതി ഭക്ഷണം ഏർപ്പെടുത്തും.
30,000 ടിൻ നേർച്ചപായസം തയ്യാറാക്കിയിട്ടുണ്ട്. തിരുനാൾ ദിനം രാവിലെ 6.30 മുതൽ രാത്രി എട്ടുവരെ തുടർച്ചയായി ദിവ്യബലിയും നൊവേനയും ആരാധനയും വചനപ്രഘോഷണവും ഉണ്ടായിരിക്കും. വാഹനങ്ങൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യവും പള്ളിക്ക് മുന്നിലുള്ള പാദുവാ നഗറിൽ ഒരുക്കിയിട്ടുണ്ട്.
കാറളം ഹോളിട്രിനിറ്റി പള്ളി
കാറളം: ഇരിങ്ങാലക്കുട രൂപതയിലെ പരിശുദ്ധ ത്രിത്വത്തിന്റെ നാമധേയത്തിലുള്ള ഏകദേവാലയമായ കാറളം ഹോളിട്രിനിറ്റി ദേവാലയത്തിൽ ഉൗട്ടുതിരുനാളിന് കൊടികയറി. ഫാ. വർഗീസ് വടക്കേപീടിക തിരുനാളിന്റെ കൊടിയേറ്റുകർമം നിർവഹിച്ചു. 11 നാണ് ഉൗട്ടുതിരുനാൾ. തിരുനാൾ ദിവ്യബലിക്ക് ഫാ. നവീൻ ഉൗക്കൻ മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ പരിപാടികൾക്ക് കൈക്കാരൻ ജോണി വടക്കേത്തല, മാത്യു ചാക്കേരി എന്നിവർ നേതൃത്വം നൽകും.