വഴിവിളക്കുകൾ ശരിയായി പ്രവർത്തിക്കുന്നില്ല; നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ
1300726
Wednesday, June 7, 2023 12:43 AM IST
മേലൂർ: മേലൂർ പള്ളിനട ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ ശരിയായി പ്രവർത്തിക്കുന്നില്ല. നാളേറെയായി ഇവിടെ ഹൈമാസ്റ്റ് ലൈറ്റിന്റെ രണ്ട് ബൾബുകളാണ് തെളിയുന്നത്.
നാലുവഴികളായി തിരിയുന്ന ഇവിടെ കല്ലുകുത്തി - പുഷ്പഗിരി ഭാഗത്തേക്ക് മാത്രമാണ് പ്രകാശമുള്ളത്. മറ്റു രണ്ടു വശങ്ങളിലേക്ക് ഇരുട്ടും. നിരവധി കാൽനട- ഇരുചക്ര വാഹനയാത്രക്കാരാണ് ഇതുവഴി പോകാറുള്ളത്.
വഴിവിളക്കിന്റെ പ്രകാശമുണ്ടായിരുന്നത് സഹായമായിരുന്നതായും യാത്രക്കാർ പറയുന്നു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ സ്ഥിതി ചെയ്യുന്ന വഴിവിളക്കുകളിൽ പലതും ശരിയായ രീതിയിൽ തെളിയുന്നില്ലെന്ന ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികൃതർ ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.