വാഴാനി കനാലിൽ തട്ടിയ മാലിന്യം തിരിച്ചെടുപ്പിച്ചു; 37,000 രൂപ പിഴ ഈടാക്കി
1300720
Wednesday, June 7, 2023 12:43 AM IST
പുന്നംപറന്പ്: വാഴാനി കനാലിൽ രാത്രിയുടെ മറവിൽ കൊണ്ടുതട്ടിയ ശുചിമുറി മാലിന്യം തിരിച്ചെടുപ്പിച്ചു. തെക്കുംകര പഞ്ചായത്തിലെ പുന്നപറന്പ് ചിറമുക്ക് പ്രദേശത്തു വാഴാനി കനാലിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യംതള്ളിയത്. വാർഡ് മെന്പർ കെ. രാമചന്ദ്രന്റെ ഇടപെടലിനെത്തുടർന്ന് മാലിന്യം തട്ടിയവരെ സിസിടിവിയുടെ സഹായത്താൽ കണ്ടെത്തി.
കഴിഞ്ഞ ഒരാഴ്ചയായി താണിക്കുടം മുതൽ പുന്നംപറന്പുവരെയുള്ള റോഡരികിലെ 26 സിസിടിവി കാമറകൾ പരിശോധിച്ചാണു മാലിന്യം തട്ടിയവരെ പിടികൂടിയത്. പറവട്ടാനിയിൽ ഹോട്ടൽ നടത്തുന്ന മച്ചാട് സ്വദേശിയാണ് മാലിന്യം തള്ളിയത്. ഇയാളിൽനിന്നും 37,000 രൂപ പിഴ ഈടാക്കി.
പാറന്നൂർ പള്ളിയിൽ ഡയാലിസിസ്
രോഗികൾക്കു ചികിത്സാ സഹായം
കേച്ചേരി: പാറന്നൂർ സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചുള്ള "കാരുണ്യ സ്പർശം' പദ്ധതിയുടെ ഭാഗമായി നിർധനരായ ഡയാലിസിസ് രോഗികൾക്കു ചികിത്സാ സഹായം വിതരണം ചെയ്തു. ഇടവകയിലെ 200 ഡയാലിസിസ് രോഗികൾക്ക് 1,70,000 രൂപയാണ് വിതരണം ചെയ്തത്.
ദിവ്യബലിയെത്തുടർന്ന് വികാരി ഫാ. മനോജ് താണിക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, ചൂണ്ടൽ സെന്റ് ജോസഫ്സ് ആശുപത്രി അധികൃതർ എന്നിവർ 85,000 രൂപ വീതം ഏറ്റുവാങ്ങി. പള്ളി കൈക്കാരന്മാരായ ടി.ഡി. ഡെൽവിൻ, കെ.പി. ജിസൺ, ജനറൽ കൺവീനർ പി.വി. റാഫി, സായൂജ് തോംസൺ എന്നി വരും പങ്കെടുത്തു.