നെൽകർഷകരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി
1300544
Tuesday, June 6, 2023 1:09 AM IST
പാവറട്ടി: കാർഷിക വിഭവങ്ങൾക്ക് മികച്ച വിലയും കർഷകന്റെ ജീവിത സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് സ്വദേശി ആന്ദോളൻ ഓർഗനൈസിംഗ് സെക്രട്ടറിയും രാഷ്ട്രീയ കിസാൻ മഹാസംഘ് കോ-ഒാർഡിനേറ്ററുമായ കെ.വി. ബിജു അഭിപ്രായപ്പെട്ടു.
എനാമാവ് - മുല്ലശേരി മേഖലയിലെ നെൽകർഷകരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക, ഏനാമാവിലെയും ഇടിയഞ്ചിറയിലെയും റെഗുലേറ്ററുകളുടെ നവീകരണം നടപ്പിലാക്കുക, അനുവദിച്ച കാലാവസ്ഥ വിള ഇൻഷ്വറൻസ് തുക കർഷകർക്കു നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു നെൽകർഷകർ സത്യഗ്രഹ സമരം നടത്തുന്നത്.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന പ്രതിഷേധ സമരത്തിൽ കോൾ കർഷക കൂട്ടായ്മ കൺവീനർ പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.
കോൾ കർഷക കൂട്ടായ്മ ഭാരവാഹികളായ എന്.കെ. സുബ്രഹ്മണ്യൻ, രാജൻ മരക്കാത്ത്, എൻ.ആർ. ഉണ്ണികൃഷ്ണൻ, ടി.ഐ. ജോബി, കെ. ബാലകൃഷ്ണൻ, ജോർജ് കാട്ടാശേരി തുടങ്ങിയവർ സംസാരിച്ചു. സത്യഗ്രഹ സമരം വരും ദിവസങ്ങളിലും തുടരും.