മന്ത്രിമാരുടെ വീട്ടിലേക്കു മാർച്ച് നടത്തും: കെ. സുരേന്ദ്രൻ
1300536
Tuesday, June 6, 2023 1:07 AM IST
തൃശൂർ: പൂരം പ്രദർശന നഗരിയ്ക്ക് അമിത വാടക ഈടാക്കാനുള്ള നീക്കത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പി·ാറിയില്ലെങ്കിൽ ശക്തമായ സമരമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർപൂരത്തെ തകർക്കാനാണു സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. പൂരം പ്രദർശനത്തിന്റെ പേരിൽ അമിതവാടക പിരിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. പൂരം നടത്തിപ്പിനു ദേവസ്വം ഭൂമി സൗജന്യമായി വിട്ടുകൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ദേവസ്വം പൊതുവായി നിശ്ചയിച്ച വാടകയനുസരിച്ച് ഒന്‍പതുലക്ഷം നൽകേണ്ടിടത്ത് 1.82 കോടി വാടക നൽകണമെന്ന് ശഠിക്കുന്നത് തീവെട്ടിക്കൊള്ളയാണ്. യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ, മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ സെക്രട്ടറി പൂർണിമാ സുരേഷ്, എം.എസ് സംപൂർണ, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ലിനിബിജു, സംസ്ഥാന കൗണ്‍സിൽ വി.ആർ. മോഹനൻ, കൗണ്‍സിലർമാരായ വിനോദ്, എൻ. പ്രസാദ്, കെ.ജി. നിജി, എൻ.വി. രാധിക എന്നിവർ പ്രസംഗിച്ചു.