മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണം
1300535
Tuesday, June 6, 2023 1:07 AM IST
തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മകൻ, മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഡിസിസി പ്രസിഡന്റെ ജോസ് വള്ളൂർ. എഐ കാമറയിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന സായാഹ്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജോസ് വള്ളൂർ.
ഐ.പി. പോൾ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എ ഐ ക്യാമറ സ്ഥാപിച്ചിട്ടുള്ള 51 സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പെരുമ്പിലാവിൽ ജോസഫ് ചാലിശേരി, കുരിയച്ചിറയിൽ ടി.വി. ചന്ദ്രമോഹൻ, അയ്യന്തോളിൽ എ. പ്രസാദ്, നടത്തറ എം.പി. വിൻസന്റ്, ഇരിങ്ങാലക്കുടയിൽ എം.പി. ജാക്സൺ, വിയ്യൂരിൽ രാജേന്ദ്രൻ അരങ്ങത്ത്, കൊടുങ്ങല്ലൂരിൽ അഡ്വ. പി.എച്ച്. മഹേഷ്, ചെറുതുരുത്തിയിൽ കെ.വി. ദാസൻ എന്നിവർ ഉദ്ഘാടനം ചെയ്തു.