എഐ കാമറ; എല്ലാവരും മര്യാദക്കാർ!
1300534
Tuesday, June 6, 2023 1:07 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ’നമുക്ക് വഴി ചോദിച്ചു ചോദിച്ചു പോകാം’ എന്നു മോഹൻലാൽ കഥാപാത്രം പറയും പോലെ നമുക്ക് നോക്കി നോക്കി പോകാം എന്നായിരുന്നു ഞായറാഴ്ച അർധരാത്രി മുതൽ നിരത്തിലിറങ്ങിയ വാഹനങ്ങളിലുള്ളവർ പറഞ്ഞത്. എവിടെയൊക്കെയാണ് എഐ കാമറകൾ കണ്ണുതുറന്നിരിക്കുന്നതെന്ന് വലിയ പിടിയില്ലാത്തതു കൊണ്ടും എപ്പോൾ പണികിട്ടുമെന്നറിയാത്തതുകൊണ്ടും വളരെ സൂക്ഷിച്ചായിരുന്നു ജനം പുറത്തിറങ്ങിയത്.
പല വാട്സാപ്പ് ഗ്രൂപ്പുകളിലും എഐ കാമറ സ്ഥാപിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വരുന്നുണ്ടെങ്കിലും മിക്കതും ശരിയല്ലെന്നാണാണു കമന്റുകൾ. തൃശൂർ പാട്ടുരായ്ക്കൽ ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ, നടുവിലാൽ എന്നിവിടങ്ങളിലെല്ലാം കാമറ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് എഐ കാമറ ആണോ എന്ന കാര്യത്തിലുള്ള സംശയം പലർക്കുമുണ്ടായി.
ഇവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ സ്കൂൾ-ഓഫീസ് സമയത്ത് വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നുവെങ്കിലും ഓവർടേക്കിംഗടക്കമുള്ള ശീലങ്ങൾ മിക്കവരും പുറത്തെടുത്തില്ല. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനമെടുത്തവർ വളരെ കുറവ്. കാമറക്കണ്ണുകളിലകപ്പെടാതെ ഇടറോഡുകൾ വഴി പരമാവധി ചുറ്റിസഞ്ചരിച്ചവരും ഏറെയാണ്. ടൂവീലറുകളിൽ പന്ത്രണ്ടു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിൽ തൽക്കാലം പിഴയില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഹെൽമെറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്.