കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാർ ; നേട്ടം കെ.സി. വിഭാഗത്തിന്
1300532
Tuesday, June 6, 2023 1:07 AM IST
തൃശൂർ: ജില്ലയിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനം പൂർത്തിയായപ്പോൾ മറ്റു ഗ്രൂപ്പുകളെ പിന്നിലാക്കി കെ.സി. വേണുഗോപാൽ- എം.പി. വിൻസന്റ് ഗ്രൂപ്പിനു വൻ നേട്ടം. 26 പ്രസിഡന്റുമാരിൽ എട്ടുപേരും ഈ വിഭാഗത്തിനാണ്. ഇന്നലെ അവസാനമായി പ്രഖ്യാപിച്ച പാണഞ്ചേരി, ചേലക്കര ബ്ലോക്ക് പ്രസിഡന്റുമാരും കെ.സി. വിഭാഗത്തിലുള്ളവരാണ്. പാർട്ടിക്കുള്ളിൽ വൻ പ്രതിഷേധവും ഉയർന്നു.
എ വിഭാഗം രണ്ടായി പിളർന്നതോടെ ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ നേതൃത്വം നൽകുന്ന യുവ വിഭാഗത്തിന് രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരെ ലഭിച്ചു. മുതിർന്ന എ വിഭാഗത്തിന് ഏഴു പേരെ മാത്രമാണ് ലഭിച്ചത്. ഇതോടെ എ വിഭാഗത്തിലെ കെ.പി. വിശ്വനാഥൻ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ- കെ. സുധാകരൻ വിഭാഗത്തിനു മൂന്നു പ്രസിഡന്റുമാരും ടി.യു. രാധാകൃഷ്ണൻ വിഭാഗത്തിന് രണ്ടും, രമേശ് ചെന്നിത്തല വിഭാഗത്തിന് രണ്ടും പത്മജ വേണുഗോപാൽ, തേറന്പിൽ രാമകൃഷ്ണൻ വിഭാഗത്തിന് ഓരോ പ്രസിഡന്റുമാരെ വീതവും ലഭിച്ചു. ഇതു തർക്കങ്ങൾക്കും തുടക്കമിട്ടു. തങ്ങളുടെ ഗ്രൂപ്പിന്റെ ശക്തി തെളിയിക്കാൻ പറ്റാതായത് എ വിഭാഗത്തിന് ഏറെ ക്ഷീണമായി. ഗ്രൂപ്പ് പിളർന്ന് മുതിർന്നവർ ഒരു ഗ്രൂപ്പും കൂടുതൽ യുവാക്കൾ മറ്റൊരു ഗ്രൂപ്പുമായി മാറിയതാണു തർക്കത്തിലെത്തിയത്.
മുതിർന്നവർക്കെതിരെ രംഗത്തു വന്നവരെ പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിക്കുക കൂടി ചെയ്തതു നേതാക്കളെ ഞെട്ടിച്ചു. ജില്ലയിലെ എ ഗ്രൂപ്പിനെ ഒന്നിച്ച് നിർത്തിയിരുന്ന ഉമ്മൻ ചാണ്ടി സുഖമില്ലാതായതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോയെന്ന് മുതിർന്ന നേതാക്കൾ സമ്മതിച്ചു. മുതിർന്ന നേതാക്കൾ തങ്ങളുടെ നേട്ടം മാത്രം നോക്കുന്നതിനാലാണ് യുവാക്കളിൽ വലിയൊരു വിഭാഗം വിട്ടു പോന്നതെന്ന് പറയുന്നു. ജില്ലയിൽ പ്രധാനമായും എ-ഐ ഗ്രൂപ്പുകളാണ് ശക്തി തെളിയിച്ചിരുന്നത്. ഇപ്പോൾ ഗ്രൂപ്പുകൾ ഛിന്നഭിന്നമായ നിലയിലാണ്.
പഴയ ഐ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഇപ്പോഴത്തെ കെ.സി.- വിൻസന്റ്് ഗ്രൂപ്പ് സ്വാധീനം ഉപയോഗിച്ച് പാർട്ടിയെ വിഴുങ്ങിയിരിക്കയാണെന്നാണ് ആരോപണം ഉയരുന്നത്. ഗ്രൂപ്പ് വീതം വയ്പ്പിനെതിരെ പരസ്യമായി രംഗത്തു വരാനാണ് പല നേതാക്കളും ലക്ഷ്യമിടുന്നത്. ഇതിനിടെ, പാണഞ്ചേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.എൻ. വിജയകുമാറിനെയും ചേലക്കര ബ്ലോക്ക് പ്രസിഡന്റായി പി.എം. അനീഷിനെയും കെ പിസിസി പ്രസിഡന്റ് കെ. സുധാകരൻ നിയമിച്ചു.