വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ: കാർഷിക സമർപ്പണം നടത്തി
1300339
Monday, June 5, 2023 1:09 AM IST
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിനു മുന്നോടിയായി കാർഷിക ഉത്പന്നങ്ങളുടെ സമർപ്പണം നടത്തി. വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് ഇടവകാംഗങ്ങളാണ് തിരുനാളിന്റെ ഊട്ടുനേർച്ച ഭക്ഷണം തയാറാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ സമർപ്പിച്ചത്.
അരി, നാളികേരം, പച്ചക്കറികൾ ഉൾപ്പടെയുള്ള വിവിധ കാർഷികയിനങ്ങളുമായി ഇടവക ദേവാലയത്തിൽ നിന്നും ജനങ്ങൾ പ്രദക്ഷിണമായി തീർത്ഥാടന കേന്ദ്രത്തിലേക്കു നീങ്ങി. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് തുടങ്ങിയവർ വിഭവങ്ങൾ ഏറ്റുവാങ്ങി.
തീർത്ഥാടന കേന്ദ്രം റെക്ടറും ഇടവക വികാരിയുമായ ഫാ. ജോൺ കവലക്കാട്ട്, കൈക്കാരന്മാരായ ജോർജ് പയ്യപ്പിളളി, അന്തോണിക്കുട്ടി, കേന്ദ്രസമിതി കുടുംബ സമ്മേളന ഭാരവാഹികൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. എട്ടിനാണു തിരുനാൾ ആലോഷം.