നിയുക്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ; ക്രിമിനൽ കേസിലെ പ്രതിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപണം
1300327
Monday, June 5, 2023 1:06 AM IST
വടക്കാഞ്ചേരി: നിയുക്ത ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ക്രിമിനൽ കേസിലെ പ്രതിയാണെന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മിണാലൂർ സ്വദേശി മാഞ്ചേരി വീട്ടിൽ സി.എച്ച്. ഹരീഷ്, ജനറൽ സെക്രട്ടറി കെ.ജി. ലിജേഷ് എന്നിവരാണു വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി നിയോഗിച്ച മിണാലൂർ സ്വദേശി പി. ജി. ജയദീപിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. സ്ത്രീകളെ അധിക്ഷേപിക്കുംവിധം അപകീർ ത്തിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും സി.എച്ച്. ഹരീഷ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തന്റെ അമ്മയുടെ സഹോദരി മിണാലൂർ മാഞ്ചേരി വീട്ടിൽ എം.ആർ. പത്മാവതി (72) വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുള്ളതുമാണ്. വിഷയം ചൂണ്ടിക്കാട്ടി തെളിവുസഹിതം കഴിഞ്ഞ മാർച്ച് 20ന് കെപിസിസി പ്രസിഡന്റിനു പരാതിയും നൽകിയിരുന്നു.
പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റി ന് അയച്ചു കൊടുത്തതായി കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ രേഖാമൂലം തങ്ങൾക്ക് മറുപടി നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. ക്രിമിനൽ കേസിലെ പ്രതിയായ നേതാവിന് എങ്ങനെ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ പദവി അലങ്കരിക്കാനുള്ള അനുമതി നൽകിയെന്നു വ്യക്തമാക്കാൻ കെപിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കൾ തയാറാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പി.ജി. ജയദീപിനെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി നിയമിച്ച നടപടി തങ്ങൾക്കു സ്വീകാര്യമല്ലന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി. കെ. ഹരിദാസും പങ്കെടുത്തു.