ബ്ലോക്ക് പ്രസിഡന്റ് പ്രഖ്യാപനം; പ്രതിഷേധവുമായി കെ.പി. വിശ്വനാഥൻ
1300325
Monday, June 5, 2023 1:06 AM IST
അളഗപ്പനഗർ: ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി മുതിർന്ന നേതാവ് കെ.പി. വിശ്വനാഥൻ. പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾ പതിറ്റാണ്ടുകൾക്കുശേഷം "ഐ’ ഗ്രൂപ്പിനു നൽകിയതിനു പിന്നാലെയാണ് കെപി വിഭാഗം പ്രതിഷേധമുയർത്തിയത്.
ഇന്നലെ കെ.പി. വിശ്വനാഥന്റെ നേതൃത്വത്തിൽ അളഗപ്പനഗർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ യോഗം ചേർന്നു. പുതുക്കാട് എ ഗ്രൂപ്പിൽ നിന്നെടുത്തത് മുൻധാരണയ്ക്കു വിരുദ്ധമായാണെന്നും നേതൃത്വം തീരുമാനം തിരുത്താൻ തയാറായില്ലെങ്കിൽ പാർട്ടി ബ്ലോക്ക് ഓഫീസുകൾ വിട്ടുനൽകില്ലെന്നും വിശ്വനാഥൻ പറഞ്ഞു.
വിശ്വനാഥൻ ആവശ്യപ്പെട്ടതു പ്രകാരം കുന്നംകുളം ബ്ലോക്ക് പ്രസിഡന്റുസ്ഥാനം സി.ബി. രാജീവി നു നൽകിയ പാർട്ടി നേതൃത്വം എ ഗ്രൂപ്പിന്റെ കൈവശമിരുന്ന പുതുക്കാട് ബ്ലോക്ക് ഐ ഗ്രൂപ്പിനു നൽ കി. കുന്നംകുളത്തിനുപകരം അളഗപ്പനഗർ വിട്ടുനൽകാൻ കെ.പി. നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.
പുതുക്കാട് മുൻ ഡിസിസി അംഗം ടി.എം. ചന്ദ്രനും അളഗപ്പനഗറിൽ അലക്സ് ചുക്കിരിയുമാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ. ജില്ലാതല സ്ക്രീനിംഗ് കമ്മിറ്റിയിൽ ആദ്യഘട്ടം മുതൽ കുന്നംകുളത്തിനുവേണ്ടി കെ.പി. രംഗത്തുണ്ടായിരുന്നു. പുതുക്കാട് നിലവിലെ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധൻ കാരയിൽ പ്രസിഡന്റാകുമെന്നായിരുന്നു സൂചന. എന്നാൽ പട്ടിക പ്രഖ്യാപിച്ചപ്പോൾ പുതുക്കാട് ടി.എം. ചന്ദ്രന് നൽകുകയായിരുന്നു.
നിലവിൽ കെ.പി. പക്ഷക്കാരായ കെ.എം. ബാബുരാജും ഡേവിസ് അക്കരയുമാണ് പുതുക്കാട്, അളഗപ്പനഗർ ബ്ലോക്ക് പ്രസിഡന്റുമാർ. അളഗപ്പനഗർ കുന്നംകുളത്തിനായി വെച്ചുമാറിയപ്പോഴാണ് അലക്സിന് അവസരം ലഭിച്ചത്. ഐ ഗ്രൂപ്പുകാരനായിരുന്ന അലക്സിനെ നിലവിൽ എ ഗ്രൂപ്പിലെ ജോസഫ് ടാജറ്റ് വിഭാഗത്തിന്റെ പ്രതിനിധിയായാണു പരിഗണിച്ചത്. ഇതിൽ വിശ്വനാഥൻ പക്ഷത്തിനും എതിർപ്പില്ല.
പാർട്ടി നേതൃത്വം തീരുമാനം തിരുത്തുമെന്നാണു പ്രതീക്ഷയെന്നു വിശ്വനാഥൻ പറഞ്ഞു. യോഗത്തിൽ കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥൻ, ഡേവിസ് അക്കര, ഷെന്നി ആന്റോ പനോക്കാരൻ, ഷാജു കളിയേങ്കര, രഞ്ജിത്ത് കൈപ്പിള്ളി, സൈമൺ നമ്പാടൻ തുടങ്ങിയവർ സംസാരിച്ചു.