പുതുക്കാട് തുണിക്കടയിൽ മദ്യപിച്ച് ആക്രമണം നടത്തിയയാളെ കടയുടമ വെട്ടി
1300321
Monday, June 5, 2023 1:04 AM IST
പുതുക്കാട്: തുണിക്കടയിൽ മദ്യപിച്ച് ആക്രമണം നടത്തിയയാളെ കടയുടമ വെട്ടിപരിക്കേൽപ്പിച്ചു. പുതുക്കാട് പുറമ്പോക്കിൽ താമസിക്കുന്ന എഴുപുറത്ത് ഷാജുമോനാണു പരിക്കേറ്റത്. തലയിൽ വെട്ടേറ്റ ഷാജുമോനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമ തലോർ പിആർ പടി സ്വദേശി പൊറുത്തൂക്കാരൻ ഡേവീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ പുതുക്കാട് സെന്ററിലെ ലീല ഫേബ്രിക്സിലാണു സംഭവം.തുണിക്കടയുടെ സമീപത്തായി പുറമ്പോക്കിലാണ് ഷാജുമോൻ കുടിൽ കെട്ടി താമസിക്കുന്നത്. മദ്യപിച്ചെത്തിയ ഇയാൾ കടയിൽ കയറി അസഭ്യം പറഞ്ഞ് ഡേവീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. തർക്കത്തിനിടെ ഡേവീസ് കടയിൽ ഉണ്ടായിരുന്ന വെട്ടുകത്തികൊണ്ട് ഷാജുമോനെ വെട്ടുകയായിരുന്നു. അഞ്ചു തവണയാണു ഡേവിസ് ഇയാളെ വെട്ടിയത്.
പരിക്കേറ്റ ഷാജുമോനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവശേഷം ഡേവിസ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.