ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയവരുടെ കാർ യുവാവ് കടത്തിക്കൊണ്ടുപോയി
1300318
Monday, June 5, 2023 1:04 AM IST
നന്തിക്കര: ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയവരുടെ കാർ മാനസികാസ്വാസ്ഥ്യമുള്ള യുവാവു കടത്തിക്കൊണ്ടുപോയി. സംഭവം കണ്ട ക്ഷേത്രം മേൽശാന്തി പിന്തുടർന്ന് കാർ പിടികൂടി.
ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. പുത്തൂര്‍ സ്വദേശി പൂണത്ത് സുമേഷിന്റെ ഇന്നോവ കാർ പാലക്കാട് നല്ലേപ്പിള്ളി സ്വദേശിയായ യുവാവാണ് ഓടിച്ചു കൊണ്ടുപോയത്.
ക്ഷേത്രത്തിനു മുന്നിലെ റോഡില്‍ കാറ് നിർത്തിയിട്ട ശേഷം സുമേഷും ഭാര്യയും അമ്മയും ദര്‍ശനം നടത്തുന്നതിനിടെയാണ് യുവാവ് കാറിൽ കയറിയത്. സുമേഷിന്റെ അച്ഛൻ കാറിന്റെ പിൻസീറ്റില്‍ ഇരുന്നിരുന്നു. എ.സി. പ്രവർത്തിച്ചിരുന്നതിനാൽ താക്കോല്‍ കാറിൽ നിന്ന് എടുത്തിരുന്നില്ല.
അപരിചിതൻ കാറോടിച്ചതോടെ സുമേഷിന്റെ അച്ഛൻ കരഞ്ഞ് ബഹളമുണ്ടാക്കി. ഈ സമയം ശ്രീകോവിലിനുപുറത്തെ മുറിയില്‍ ഇരുന്നിരുന്ന മേല്‍ശാന്തി അഖില്‍ പുറത്തുകിടന്ന സ്വന്തം കാറെടുത്ത് ഇന്നാേവയെ പിന്തുടരുകയായിരുന്നു. തുടർന്ന് നന്തിക്കര യൂടേണിനു സമീപംവച്ച് കാർ തടഞ്ഞ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി കാറും കടത്തിക്കൊണ്ടുപോയയാളെയും കസ്റ്റഡിയിലെടുത്തു. യുവാവിന്റെ വീട്ടുകാരെ വിവരമറിയിച്ചപ്പോഴാണ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അറിഞ്ഞത്.
യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ചത്ത പ്രാവും വേറെയും വാഹനങ്ങളുടെ താക്കോലുകളുമുണ്ടായിരുന്നു. ഇയാളെ ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നതായും വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.
ബൈക്കും സ്കൂട്ടറും
കൂട്ടിയിടിച്ച്
യാത്രികയ്ക്കു പരിക്ക്
കേച്ചേരി: കുന്നംകുളം ഹൈവേയിലെ ചൂണ്ടൽ സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്കു പരിക്ക്. ചൂണ്ടൽ പുതുശേരി ചുങ്കത്ത് ബിജുവിന്റെ ഭാര്യ ബീന (49)യ്്ക്കാണു പരിക്കേറ്റത്.
ഇവരെ കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.