വധശ്രമക്കേസില്‍ ആറുപേര്‍ക്കു മൂന്നുവര്‍ഷം തടവും പിഴയും
1300317
Monday, June 5, 2023 1:04 AM IST
ചാവക്കാട്: വധശ്രമക്കേസില്‍ ആറുപേര്‍ക്കു തടവും പിഴയും. ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശികളായ മാച്ചുമ്മല് അനന്തു(സുഗുണന്), പാലഞ്ചേരി വിബീഷ്, തോളത്തുപറമ്പില് അജു, മാച്ചുംമേല് ധനേഷ്, കോത്തുള്ളി സജിത്ത്, മേപ്പാടത്ത് പുഷ്പന് എന്നിവരെയാണ് ശിക്ഷിച്ചത്.
കുന്നംകുളം കാട്ടകാമ്പാല്‍ രാമപുരം കൊടക്കാഞ്ചേരി പ്രകാശന്റെ മകൻ അക്ഷയ് കൃഷ്ണ(23)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. പിഴസംഖ്യ പരിക്കേറ്റ അക്ഷയ് കൃഷ്ണനു നല്‍കണമെന്നും വിധിയിലുണ്ട്. 2018 ഫെബ്രുവരി ഏഴിന് വൈകീട്ട് 4.30ന് മങ്ങാട് നിന്നും തിരുത്തിക്കാട്ടേക്കു പോകുന്ന റോഡില്‍ വച്ചാണു പ്രതികള്‍ ആക്രമണം നടത്തിയത്. പ്രതികള്‍ ഇരുമ്പ് പൈപ്പുകൊണ്ട് വളഞ്ഞിട്ട് അടിച്ചെന്നാണു കേസ്. ഇതിനു മുന്പ്് ക്ഷേത്രത്തിനടുത്ത് നടന്ന അടിപിടിയില്‍ അക്ഷയ് കൃഷ്ണനും ഉണ്ടായിരുന്നോ എന്ന് ചോദിച്ചായിരുന്നു ആക്രമണം.
കുന്നംകുളം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.