മിണ്ടാപ്രാണികൾക്ക് അന്നമൂട്ടി ദിവാകരൻ
1300316
Monday, June 5, 2023 1:04 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: കാൻസർ രോഗത്തിന്റെ വേദനകൾക്കിടയിലും മിണ്ടാപ്രാണികൾക്ക് അന്നമൂട്ടി ദിവാകരൻ. പരുന്തുകൾ, നായ്ക്കൾ, കാക്കകൾ, അന്പലക്കാളകൾ, പൂച്ചകൾ എന്നിവയെല്ലാം അന്നംതേടി കണിയാർകോട് വ്യാസവില്ല വീട്ടിൽ ദിവാകരനെ തേടിയെത്തും. വേലൻതോട്ട് കൂട്ടാല പരേതനായ രാമൻകുട്ടിനായരുടെ 14 മക്കളിൽ പത്താമനായ ദിവാകരൻ ഒന്നരപ്പതിറ്റാണ്ടായി മിണ്ടാപ്രാണികൾക്കു ഭക്ഷണം നൽകുന്നു. വൈകീട്ട് അഞ്ചോടെ പരുന്തുകൾ വീടിനുമുകളിൽ വട്ടമിട്ടുതുടങ്ങും. ദിവാകരൻ എറിഞ്ഞുകൊടുക്കുന്ന ഇറച്ചിക്കഷണങ്ങൾ ഭക്ഷിച്ച് ഇവ തിരിച്ചുപോകും. നിരവധി പരുന്തുകളാണു ദിവാകരന്റെ വീട്ടിൽ ദിവസേനയെത്തുന്നത്.
കാക്കകളും കന്നുകാലികളും തെരുവുനായ്ക്കളുമെല്ലാം ഭക്ഷണത്തിനായെത്തും. തെരുവിൽ ഉപേക്ഷിക്കപ്പെട്ടവയും വാഹനാപകടങ്ങളിൽ പരിക്കേറ്റ മൃഗങ്ങളും ദിവാകരന്റെ അതിഥികളാണ്.
ഏറെക്കാലം ഡൽഹിയിലായിരുന്ന ദിവാകരൻ നാട്ടിലെത്തിയശേഷം വീടിനു സമീപം പലചരക്കുകട നടത്തുകയായിരുന്നു. വളർത്തിയിരുന്ന പൂച്ചകളെയും നായ്ക്കളെയും ഡൽഹിയിൽ നിന്ന് പ്രത്യേക വാഹനത്തിലാണ് എത്തിച്ചത്. കടയുണ്ടായിരുന്നപ്പോൾ കിഴങ്ങുവർഗങ്ങൾ, കായ, പഴം, തവിട്, കാലിത്തീറ്റ എന്നിവ കന്നുകാലികൾക്കു നൽകുമായിരുന്നു. കാക്കകൾക്കു കൊടുക്കാൻ ദിവസേന രണ്ടുകിലോ അരി വേണം. അസുഖം വന്നതോടെ കട മറ്റൊരാൾക്കു വാടകയ്ക്കു നൽകി.
ഒരുവർഷമായി കാൻസർ ബാധയെത്തുടർന്നു ചികിത്സയിലാണ്. എട്ട് കീമോ കഴിഞ്ഞു. ഈ സമയത്തും മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണം മുടങ്ങിയിട്ടില്ല. നായ്ക്കളും കാളകളുമെല്ലാം ദിവാകരനോട് ഇണക്കത്തിലാണ്. വീട്ടുമുറ്റത്തു പൂന്തോട്ടവും പച്ചക്കറിക്കൃഷിയുമുണ്ട്. പച്ചക്കറിക്കൃഷി വിപുലമാക്കാനും പദ്ധതിയുണ്ട്. ഭാര്യ ഓമനയും മകൾ ആതിരയും പിന്തുണയുമായി കൂടെയുണ്ടെന്നു ദിവാകരൻ പറഞ്ഞു.