കളക്ടറാകണം! കളക്ടറോട് ആഗ്രഹമറിയിച്ച് അയന
1300076
Sunday, June 4, 2023 8:18 AM IST
മേലൂർ: "കളക്ടറാകാൻ' കളക്ടറോട് ആഗ്രഹം പ്രകടിപ്പിച്ച് അയന. മേലൂർ പഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്നു കളക്ടർ വി.ആർ.കൃഷ്ണതേജ. കരുവാപ്പടി എരുമപ്പാടം കോളനിയിലെ ജനങ്ങളുമായും വിദ്യാർഥികളുമായുമൊക്കെ സംസാരിക്കുന്ന നേരത്താണ് കൊച്ചുതറ വീട്ടിൽ രാജേഷ്, ബിജി ദന്പതികളുടെ മകൾ അയന (9) ചിരിച്ചുകൊണ്ട് കളക്ടറെ തട്ടി വിളിച്ചത്.
മോൾക്ക് കളക്ടറാകാനാണ് ആഗ്രഹമെന്ന് അറിയിച്ചുവെന്നും ഇത് ആശ്ചര്യപ്പെടുത്തിയതായും കളക്ടർ പറയുന്നു. ഒരു കൊച്ചുകുട്ടിക്ക് എങ്ങനെയാണ് കളക്ടറെക്കുറിച്ചൊക്കെ അറിയാനായതെന്ന ചോദ്യത്തിൽ ടീച്ചറാണത്രേ പറഞ്ഞു കൊടുത്തത്. കളക്ടറായാൽ നിരവധിയാളുകൾക്ക് സേവനങ്ങൾ ചെയ്യാൻ പറ്റുമെന്നൊക്കെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആഗ്രഹം ഉണ്ടായതെന്ന് അയന പറഞ്ഞു.
ഈ കുഞ്ഞ് പ്രായത്തിൽ തന്നെ കുട്ടികളുടെ മനസിൽ ഇത്രത്തോളം അവബോധം നൽകുന്ന ഈ ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. തീർച്ചയായും ഈ മോൾ നന്നായി പരിശ്രമിച്ച് ലക്ഷ്യത്തിൽ എത്തിച്ചേരുമെന്നത് ഉറപ്പാണെന്നും, ഭാവിയിൽ നാടിന് സേവനം ചെയ്യുന്ന നല്ലൊരു ഉദ്യോഗസ്ഥയായി മാറട്ടെയെന്നുമാണ് കളക്ടർ തന്റെ ഒൗദ്യോഗിക ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ലിക്സണ്‍ വർഗീസ്