കൃഷിഭവനുമുന്പിൽ കേരകർഷകന്റെ ഒറ്റയാൾ സമരം
1300074
Sunday, June 4, 2023 8:18 AM IST
പാവറട്ടി: സംഭരിച്ച നാളികേരത്തിന്റെ വില ലഭിക്കാത്തതിനെ തുടർന്ന് പാവറട്ടി കൃഷിഭവന്റെ മുന്നിൽ നാളികേര കർഷകന്റെ ഒറ്റയാൾ സമരം. തോളൂർ സ്വദേശി പി.ഒ. സെബാസ്റ്റ്യനാണു പ്ലക്കാർഡുകളുമായി സമരം നടത്തിയത്.
കഴിഞ്ഞ മാർച്ച് 14ന് 429 നാളികേരം കിലോയ്ക്ക് 32 രൂപ നിരക്കിലും മേയ് 16നു 400 നാളികേരം കിലോയ്ക്ക് 34 രൂപ നിരക്കിലുമാണു സംഭരിച്ചത്. സാധാരണ രണ്ടാഴ്ച കഴിഞ്ഞാൽ പണം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ എത്തേണ്ടതാണ്. ആഴ്ചകൾ പിന്നിട്ടിട്ടും പണം ലഭിക്കാത്തതിനെ തുടർന്നാണ് സമരം നടത്തിയത്.
കേരഫെഡും കൃഷി ഭവനും സംയുക്തമായാണു നാളികേരം സംഭരിക്കുന്നത്. സമീപ പ്രദേശത്ത് പാവറട്ടി കൃഷി ഭവൻ മുഖേന മാത്രമാണ് നാളികേരം സംഭരിക്കുന്നത്. തടമെടുക്കൽ, വളമിടൽ, തെങ്ങുകയറൽ, പൊതിച്ച നാളികേരം വാഹനത്തിൽ എത്തിക്കൽ തുടങ്ങി കൂലിയിനത്തിൽ വൻ തുക ചെലവാക്കി ഒട്ടേറെ കടമ്പകൾ കടന്നാണ് കർഷകൻ സംഭരണ കേന്ദ്രത്തിൽ നാളികേരം എത്തിക്കുന്നത്. 34 രൂപ ലഭിച്ചാൽ തന്നെ കൂലി പോലും മുട്ടാത്ത അവസ്ഥയുള്ളപ്പോഴാണ് പണം നൽകാൻ വൈകുന്നത്. കൃഷി ഭവനിൽ ചോദിച്ചാൽ ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസിൽ ചോദിക്കാൻ പറയും. അവർ പറയുന്നത് കേരഫെഡിനോടു ചോദിക്കാനാണ്.
സംഭരിച്ച നാളികേരത്തിന്റെ വില ഉടൻ നൽകുക, എല്ലാ കൃഷിഭവനുകൾ വഴിയും നാളികേരം സംഭരിക്കുക, താങ്ങുവില മിനിമം കിലോയ്ക്ക് 50 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഒറ്റയാൾ സമരം നടത്തിയത്.