ബസും കാറും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്
1300063
Sunday, June 4, 2023 8:16 AM IST
ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കരുവന്നൂരിൽ വീണ്ടും അപകടം. കരുവന്നൂർ ബംഗ്ലാവിൽ വെച്ചാണ് ബസും കാറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വന്നിരുന്ന ഉൗക്കൻസ് എന്ന സ്വകാര്യ ഓർഡിനറി ബസും തൃശൂർ ഭാഗത്തുനിന്നെത്തിയ ഇലക്ട്രിക് കാറും കൂട്ടിയിടിച്ചാണ് അപകടം.
കാറിലുണ്ടായിരുന്ന മണ്ണുത്തി സ്വദേശി ചെറൂക്കാരൻ വീട്ടിൽ മോനിഷ്(35), തൃശൂർ സ്വദേശി വലിയവീട്ടീൽ ബോബി ആന്റണി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കരുവന്നൂർ ബംഗ്ലാവ് സ്ഥിരം അപകടം നടക്കുന്ന വളവിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.