കെട്ടിടനികുതി വർധന: നിരക്കു നിശ്ചയിച്ച് ചാലക്കുടി നഗരസഭ
1300062
Sunday, June 4, 2023 8:10 AM IST
ചാലക്കുടി: പുതിയ സർക്കാർ ഉത്തരവ് പ്രകാരം കെട്ടിടനികുതി വർധനവ് വരുത്തുന്നത് സംബന്ധിച്ച് 300 ചതുരശ്ര അടിയിൽ താഴെയുള്ള വീടുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്ക് നിശ്ചയിക്കാൻ നഗരസഭ യോഗം തീരുമാനിച്ചു. നിലവിൽ 2016 മുതൽ വീടുകൾക്ക് ചതുരശ്ര അടിക്ക് 10 രൂപയാണ് നഗരസഭയിലെ നിരക്ക്. ഇത് 5% വർധനവ് സർക്കാർ ഉത്തരവിലുണ്ട്. പുതിയ വീടുകൾക്ക് 17 രൂപ വരെയാക്കാം എന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ ഇത് 11 രൂപയാക്കാൻ കൗണ്‍സിൽ തീരുമാനിച്ചു. 300 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് 19 രൂപ വരെയാകാം എന്നത് 13 രൂപയായി കൗണ്‍സിൽ നിശ്ചയിച്ചു.
വാണിജ്യ കെട്ടിടങ്ങൾക്ക് 100 ചതുരശ്ര അടി വരെ 75 രൂപയും, ഇതിനു മുകളിലുള്ളവക്ക് 95 രൂപയും നിരക്ക് നിശ്ചയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 12 രൂപ, ആശുപത്രി 25 രൂപ, ഓഡിറ്റോറിയം, സിനിമാ തിയ്യറ്റർ 50 രൂപ, ഗോഡൗണ്‍ 60 രൂപ, 80 രൂപ, എന്നിവയാണ് പുതിയ നിരക്ക്. കെട്ടിടങ്ങൾക്ക് പെർമിറ്റ് ഫീസ് ഉൾപ്പെടെ വലിയ സാന്പത്തിക ഭാരമാണ് സമീപകാലത്ത് ജനങ്ങളുടെ മേൽ സർക്കാർ വരുത്തിയിരിക്കുന്നതെന്നും, ഇതിനാൽ നികുതി നിരക്ക് ഏറ്റവും കുറവ് വരുത്തണമെന്നും യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ നിർദേശിച്ചു. ഈ നിർദേശത്തെ പിന്തുണയ്ക്കുന്നതായി എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ് അറിയിച്ചു.
നഗരസഭ വൻ സാന്പത്തിക ബാധ്യത നേരിടുന്ന അവസരത്തിലും, സാധാരണ ജനങ്ങളുടെ മേൽ അധികഭാരം വരാതിരിക്കാനാണ് കൂടുതൽ നികുതി വർധനവ് വരുത്താത്തതെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നിലവിലുള്ള കെട്ടിടങ്ങളിലെ കൂട്ടിച്ചേർത്ത ഏരിയയെ സംബന്ധിച്ച്, ഉടമസ്ഥർ സ്വമേധയ നഗരസഭയിൽ അറിയിപ്പ് നൽകാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയ സർക്കാർ ഉത്തരവ് കൗണ്‍സിലിനെ അറിയിച്ചു.
ടൗണിൽ പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും വിധം പ്രവർത്തിക്കുന്ന ബീവറേജസ് ഔട്ട്ലറ്റ് ഇവിടെ നിന്നും മാറ്റണമെന്ന കൗണ്‍സിലിന്റെ ആവശ്യം അധികൃതരെ വീണ്ടും അറിയിക്കാൻ തീരുമാനിച്ചു. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അനധികൃത നിർമാണങ്ങൾക്കെതിരെ അടിയന്തിര നടപടി എടുക്കാൻ നിർദേശിച്ചു. ബീവറേജ് ഔട്ട്ലറ്റിന് ലൈസൻസ് നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ സാഹചര്യത്തിൽ, ഈ കെട്ടിടത്തിന് ലൈസൻസ് അനുവദിക്കേതില്ലെന്ന് തീരുമാനിച്ചു. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.