റോഡുനിർമാണം: ടെലിഫോണ്‍ കണക്ഷനുകൾ താറുമാറായി
1300057
Sunday, June 4, 2023 8:10 AM IST
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാത പുനർനിർമാണവുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്ന വെള്ളാങ്കല്ലൂരിൽ ബിഎസ്എൻഎൽ ടെലിഫോണ്‍ എക്സ്ചേഞ്ച് ഓഫീസിൽ നിന്നു നൽകിയ മുന്നറിയിപ്പ് അവഗണിച്ചു നടത്തിയ റോഡുപണി പ്രദേശത്തെ ലാൻഡ് ലൈൻ കണക്ഷനുകളെ അവതാളത്തിലാക്കി.
വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ നിന്നും പെട്രോൾ പന്പ് വരെയാണ് ഇപ്പോൾ നിർമാണം നടക്കുന്നത്. ഇതിനിടെ വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിലാണ് റോഡ് പണിയുടെ ഭാഗമായി കുഴിയെടുത്തപ്പോൾ ലാൻഡ് ലൈൻ കണക്ഷനുകൾ നൽകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ മൊത്തമായി മുറിച്ചുമാറ്റിയത്.
ഇതുമൂലം പ്രദേശത്തെ മൊത്തം ലാൻഡ് ലൈൻ കണക്ഷനുകൾ വിഛേദിക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ നാലിനാണു പണികളുടെ ഭാഗമായി ഇവിടെ കുഴിയെടുത്തത്. അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സ്ചേഞ്ചിലെ സെക്യൂരിറ്റി ഓഫീസർ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പ്രസ്തുത സ്ഥലത്തു കൂടി കടന്നുപോകുന്ന കാര്യം വ്യക്തമായി മുന്നറിയിപ്പ് നൽകിയതാണ്.
എന്നാൽ ഇത് അവഗണിച്ച് കുഴിയെടുത്തതാണ് പ്രശ്നത്തിടയാക്കിയത്. വെള്ളാങ്കല്ലൂരിലെ റോഡ് പണി മന്ദഗതിയിലായതിനെ തുടർന്ന് കളക്ടറുടെ ഇടപെടലിലൂടെയാണ് പിറ്റേദിവസം മുതൽ നിർമാണം ദ്രുതഗതിയിലാക്കിയത്. എന്നാൽ ധൃതി പിടിച്ചുള്ള പ്രവൃത്തികളിലൂടെ വീണ്ടും വിമർശനങ്ങൾക്കിടയാക്കുകയാണ് സംസ്ഥാന പാതയുടെ നിർമാണം.