ചേലൂർ മനയില് മണിച്ചിത്രത്താഴ് തകർത്ത് മോഷണം: കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
1300053
Sunday, June 4, 2023 8:08 AM IST
അന്തിക്കാട്: സൂപ്പർഹിറ്റായ മമ്മൂട്ടി ചിത്രം വല്യേട്ടൻ അടക്കം നിരവധി സിനിമകൾ ഷൂട്ട് ചെയ്ത പ്രശസ്തമായ ചേലൂർ മനയുടെ മണിച്ചിത്രത്താഴ് തകർത്ത് അകത്തു കടന്ന് മോഷണം നടത്തിയ കൊൽക്കത്ത സ്വദേശിയെ പോലീസ് പിന്തുടർന്ന് പിടികൂടി. അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓട്ടു പിച്ചളപ്പാത്രങ്ങൾ ചാക്കുകളിൽ നിറച്ച് കടത്തും വഴിയാണ് ഇയാളെ അന്തിക്കാട് പോലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 8.30നു ശേഷമാണ് പ്രതിയായ കൊൽക്കത്ത സ്വദേശി ഷഹാബുദീൻ (25) തൃപ്രയാർ കിഴക്കേനടയിൽ താന്ന്യം പഞ്ചായത്തിൽപെട്ട ചേലൂർ മനയിൽ മോഷണത്തിന് എത്തുന്നത്. വാടാനപ്പള്ളി നടുവിൽക്കരയിലാണ് ഇയാൾ താമസിക്കുന്നത്. മനയുടെ മുൻവാതിലിലെ മണിച്ചിത്രത്താഴ് പൂട്ട് തകർത്താണ് പ്രതി അകത്തു കടക്കുന്നത്. ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ചേലൂർ മനയിൽ നാല് പതിറ്റാണ്ടിലധികമായി താമസമില്ല. നോക്കിനടത്താനായി ചുമതലയുള്ള കാര്യസ്ഥന്മാർ മാത്രമാണ് ദിവസവും ഇവിടെ ഉണ്ടാകുക. മനയിൽ ഉണ്ടാകാൻ ഇടയുള്ള വിലപ്പിടിപ്പുള്ള വസ്തുക്കൾ തേടിയാകാം പ്രതി എത്തിയതെന്ന് സംശയിക്കുന്നു. അകത്തു കടന്ന പ്രതി പല മുറികളിലായി കൂട്ടിയിട്ടിരുന്ന സാധനങ്ങൾ ചാക്കിലാക്കി പുറത്തു കടത്താനാണ് ശ്രമിച്ചത്.
രണ്ടു ചാക്കിൽ നിറയെ സാധനങ്ങൾ നിറച്ചു. ഒരു ചാക്ക് മനയുടെ ഗെയ്റ്റിനരികത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. മറ്റേ ചാക്കുമായി ഇയാൾ പടികടന്ന് പോകുന്നതു കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ അന്തിക്കാട് പോലീസ് ഇയാളെ അധികം ദൂരം പിന്നിടുന്നതിനു മുൻപേ പിടികൂടുകയായിരുന്നു. ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതിയെ സ്ഥലത്തെത്തിച്ച പോലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതി പൊലീസിന് വിവരിച്ചു കൊടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്ക് പിന്നിൽ വൻ മോഷണ സംഘങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.
അന്തിക്കാട് എസ്ഐ എ.ഹബീബുള്ള, എഎസ്ഐ ടി.ജി. ഷാജു, സിപിഓമാരായ സുർജിത്ത്, ജിബിൻ, വൈശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.