എനാമാവ് - മുല്ലശേരി മേഖലയിലെ നെൽകർഷകരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം നാളെ
1300048
Sunday, June 4, 2023 8:08 AM IST
പാവറട്ടി: എനാമാവ് - മുല്ലശേരി മേഖലയിലെ നെൽകർഷകരുടെ അനിശ്ചിതകാല സത്യഗ്രഹ സമരം നാളെ ആരംഭിക്കുമെന്ന് ഭാരവാഹികൾ പാവറട്ടിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
കർഷകർ വിവിധ പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കി കൊയ്തെടുത്ത നെല്ല് സർക്കാർ എജൻസിയായ സിവിൽ സപ്ലൈസ് കോർപ്പറേഷന് നൽകി എണ്‍പത് ദിവസം കഴിഞ്ഞിട്ടും നെല്ലിന്റെ വില ലഭിക്കാത്തതുമൂലം നെൽകൃഷിക്കാർ നെട്ടോട്ടമോടുകയാണ്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. നെല്ലിന്റെ വില ലഭിക്കാത്തതുമൂലം കടം വാങ്ങിയ ആളുകൾക്ക് പൈസ തിരികെ നൽകുവാൻ കഴിയാതെ നെൽകൃഷിക്കാർ ദുരിതത്തിലായിരിക്കുകയാണ്. നെല്ല് കൊണ്ടുപോയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉടനെ ലഭിക്കുമെന്ന മറുപടി മാത്രമാണ് പറയുന്നത്.
2021-22 വർഷത്തെ കാലാവസ്ഥ ഇൻഷ്വറൻസ് പാസായി ഒന്നര വർഷമായിട്ടും തുക കൃഷിക്കാർക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി വെങ്കിടങ്ങ് മേഖലയിൽ നെല്ലുൽപാദനം കുറഞ്ഞു കൊണ്ടിരിക്കുകയാണ് എനാമാവിലെയും ഇടിയൻ ചിറയിലെയും റഗുലേറ്ററുകൾ നാശമായി കിടക്കുന്നതുമൂലം പുളി വെള്ളം കയറി കൃഷി നശിക്കുന്നതുമൂലമാണ് നെല്ലൂൽ പാദനം കുറയുന്നത്. റഗുലേറ്ററുകൾ പുനർ നിർമിക്കാനുള്ള നടപടിയുണ്ടാകണമെന്നും നെൽ കർഷകരെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുന്നത്.
നാളെ മുല്ലശേരി ബ്ലോക്ക് പരിസരത്ത് ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം സ്വദേശി ആന്ദോളൻ ഓർഗൈനിസിങ്ങ് സെക്രട്ടറിയും രാഷ്ട്രീയ കിസാൻ മഹാസംഘ് കോ ഓർഡിനേറ്ററുമായ കെ.വി. ബിജു സമരം ഉദ്ഘാടനം ചെയ്യും. സമരസമിതി ഭാരവാഹികളായ രാജൻ മരക്കാത്ത്, എൻ.ആർ. ഉണ്ണികൃഷ്ണൻ , ടി.ഐ. ജോബി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.