ലോക കേരളസഭ: സർക്കാർ പണം ചെലവഴിക്കില്ലെന്ന് മന്ത്രി
1300047
Sunday, June 4, 2023 8:08 AM IST
ഗുരുവായൂർ: റെയിൽവെ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്നും സുരക്ഷാ സംവിധാനങ്ങൾ അവഗണിച്ചതിന്റെ വിലയാണ് ഇപ്പോൾ നൽകേണ്ടിവന്നതെന്നാണ് വിദഗ്ധാഭിപ്രായമെന്നും മന്ത്രി പി. രാജീവ് ഗുരുവായൂരിൽ പറഞ്ഞു.
സിപിഎം നേതാവ് സി.കെ. കുമാരന്റെ സ്മരണാർഥം കാവീട് പനാമ റോഡിൽ നിർമിച്ച സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ഒഴിവുകളാണ് റെയിൽവേയിലുള്ളത്. ഇതിൽ കൂടുതലും സുരക്ഷാ മേഖലയിലാണ്. ഈ ഒഴിവുകൾ നികത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. യുഎസിൽ നടക്കുന്ന ലോക കേരള സഭ സമ്മേളനം സംഘടിപ്പിക്കുന്നത് അമേരിക്കയിലെ വലിയ ബിസിനസുകാരും ഉയർന്ന ജോലിയിലുള്ളവരുമാണ്.
ഇവരെല്ലാം സിപിഎം സംഘടനയിൽപെട്ടവരുമല്ല. ഈ സമ്മേളനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കേരളസഭ സമ്മേളനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവുമില്ല, ഒറ്റ പക്ഷമാണ് അതിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഎം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ് അധ്യക്ഷനായി. സിപിഎം സംസ്ഥാന സമിതി അംഗം ബേബി ജോണ്, കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, സി. സുമേഷ്, ഷീജ പ്രശാന്ത്, കെ.പി. വിനോദ്, കെ.എ. സുകുമാരൻ, വി. അനൂപ് പ്രസംഗിച്ചു.