മണപ്പുറം ഫൗണ്ടേഷൻ സ്നേഹഭവനങ്ങൾ കൈമാറി
1299716
Saturday, June 3, 2023 1:22 AM IST
തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ "സായൂജ്യ'ത്തിലൂടെ തിരുപഴഞ്ചേരി ലക്ഷം വീട് കോളനിയിൽ പൂർത്തീകരിച്ച 16 സ്നേഹഭവങ്ങളുടെ താക്കോൽദാനവും എടത്തുരുത്തി ഗവൺമെന്റ് ഐടിഐയിലേക്കുള്ള വാട്ടർ കിയോസ്ക്കിന്റെ സമർപ്പണവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കോളനിയിലെ രണ്ടു കിണറുകളും രണ്ടു കുളങ്ങളും നവീകരിക്കാൻ അഞ്ചു ലക്ഷം രൂപ ചടങ്ങിൽ പ്രഖ്യാപിച്ചു. മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പദ്ധതി സമർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് വൃക്ഷ തൈ നട്ടു. നന്ദകുമാറിന്റെ അമ്മ സരോജിനി പത്മനാഭന്റെ സ്മരണാർഥമാണ് "സായൂജ്യം' പദ്ധതിക്കു തുടക്കമിട്ടത്.
രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, വരാന്ത, ശുചിമുറി ഉൾപ്പടെ 450 ചതുരശ്രയടി വിസ്തീർണത്തിലാണ് വീടുകൾ പൂർത്തീകരിച്ചത്. നേരത്തെ കോളനിയിലേക്കു പത്തടി വീതിയിൽ റോഡ് നിർമിച്ചിരുന്നു. ബത്ലഹേം ഡവലപ്പേഴ്സിന്റെ സഹകരണത്തോടെയാണു വീടുകൾ നിർമിക്കുന്നത്.
തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി.ദാസ് പദ്ധതി വിശദീകരിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ആശീർവാദ് മൈക്രോ ഫിനാൻസ് എംഡി രവീന്ദ്ര ബാബു എന്നിവർ മുഖ്യാതിഥികളായിരുന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി. ഷിനിത, പി.എം. അഹമ്മദ്, മഞ്ജുള അരുൺ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചന്ദ്രബാബു, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ജോർജ് മൊറേലി എന്നിവർ പ്രസംഗിച്ചു.