നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിതല സംഘം നേരിട്ടെത്തും
1299714
Saturday, June 3, 2023 1:22 AM IST
തൃശൂർ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) ജില്ലയിൽ നിർമിക്കുന്ന വാഴക്കോട്- പ്ലാഴി റോഡ്, കൊടുങ്ങല്ലൂർ- തൃശൂർ റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രിതല സംഘം എട്ടിനു സന്ദർശനം നടത്തും. മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണു തീരുമാനം.
ആറ്, ഏഴ് തിയതികളിൽ ചീഫ് എൻജിനീയർ കെ.എസ്. ലിസി, പ്രോജക്ട് ഡയറക്ടർ പ്രേം കൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് പുരോഗതി വിലയിരുത്തും. തുടർന്നാണ് റവന്യൂ മന്ത്രി, എംഎൽഎമാർ, ജനപ്രതിനിധികൾ, കളക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവരടങ്ങുന്ന സംഘം സന്ദർശനം നടത്തുക.
മന്ത്രിതല സന്ദർശനത്തിനു മുമ്പായി കെഎസ്ടിപി ഉദ്യോഗസ്ഥരോടു നിർമാണ പുരോഗതി നേരിട്ടു സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും പുരോഗതി വിലയിരുത്താൻ അവലോകന യോഗം ചേരണമെന്നും നിർദേശിച്ചു. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് തുടങ്ങിയവർ റോഡ് നിർമാണം വേഗത്തിലാക്കാൻ നിർദേശം നല്കി. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു.