ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം പ്രധാനം: ഗവർണർ
1299712
Saturday, June 3, 2023 1:22 AM IST
തൃശൂർ: മരുന്നിനൊപ്പം ഡോക്ടർമാരുടെയും നഴ്സുമാരുടെയും സ്നേഹശുശ്രൂഷകളാണു രോഗസൗഖ്യത്തിനു പ്രധാനമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമവർമപുരത്തു നവീകരിച്ച ജൂബിലി ആയുർവേദ മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസവ രക്ഷ ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെക്കുറിച്ചുള്ള ആശങ്കയുമായെത്തുന്ന രോഗികളോടു ഡോക്ടറുടെ ഇടപഴകൽ ആശ്വാസമാകുമെന്നും ഗവർണർ പറഞ്ഞു.
ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഫാ. വിൻസന്റ് കരപറന്പൻ, സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ജൂബിലി ഫ്രെട്ടേണിറ്റി സമാഹരിച്ച അഞ്ചു ലക്ഷം രൂപ സോളി തോമസ് ജൂബിലി ആയുർവേദ ആശുപത്രി ചീഫ് കണ്‍സൽട്ടന്റ് ഡോ. സിസ്റ്റർ ഡൊണാറ്റയ്ക്ക് നൽകി. പ്രസവരക്ഷ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. തുടർന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാന്പും മരുന്നു വിതരണവും നടന്നു.