മാനും പശുക്കുട്ടിയും കൊല്ലപ്പെട്ടു
1299710
Saturday, June 3, 2023 1:22 AM IST
പാലപ്പിള്ളി: തുടര്‍ച്ചയായി മൂന്നാം ദിവസവും പാലപ്പിള്ളി തോട്ടത്തില്‍ പുലിയിറങ്ങി. മാനും പശുക്കുട്ടിയും പുലിയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ടു.
കാരികുളത്ത് ഹാരിസണ്‍ മലയാളം കമ്പനിയുടെ ഓഫീസിനു സമീപത്തെ റബര്‍ തോട്ടത്തിലാണു മാനിനെ ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണു വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്. രണ്ടു ദിവസത്തിലേറെ പഴക്കമുള്ള ജഡം അഴുകിയ നിലയിലായിരുന്നു. ജഡം തോട്ടത്തില്‍ കുഴിച്ചിട്ടു. പുലിയുടെ ആക്രമണത്തിലാകാം മാന്‍ ചത്തതെന്ന നിഗമനത്തിലാണ് അധികൃതര്‍.
കുണ്ടായി തോട്ടത്തിലെ പാല് സംഭരണകേന്ദ്രത്തിനു സമീപമാണ് പശുക്കുട്ടിയെ ചത്തനിലയില്‍ കണ്ടത്. ദിവസങ്ങള്‍ മാത്രം പ്രായമായ പശുക്കുട്ടിയുടെ ഉടമയാരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല. ടാപ്പിംഗിനെത്തിയ തൊഴിലാളികളാണു പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
തുടര്‍ച്ചയായി പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ടാപ്പിംഗിനെത്തുന്ന തൊഴിലാളികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. പുലിയുടെ ആക്രമണം ഭയന്നാണു തൊഴിലാളികള്‍ ടാപ്പിംഗിനിറങ്ങുന്നത്. പ്രദേശത്ത് പുലി ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം.
തോട്ടങ്ങളിലും വനമേഖലയോടുചേര്‍ന്ന പ്രദേശങ്ങളില്‍ ചെന്നായ്ക്കള്‍ ഇറങ്ങിയതായും അഭ്യൂഹമുണ്ട്.