ഏഴു വയസുകാരൻ പുഴയിൽ വീണുമരിച്ചു
1298577
Tuesday, May 30, 2023 1:50 AM IST
കയ്പമംഗലം: ചളിങ്ങാട് പുഴയിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്കു സമീപം മുട്ടുങ്ങൽ വീട്ടിൽ നൗഷാദ് - നദീറ ദന്പതികളുടെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.
വീടിന്റെ മുന്നൂറ് മീറ്റർ അകലെയുള്ള കനോലി കനാലിലാണ് വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും ചെരിപ്പും പുഴക്കരികിൽ കണ്ടത്. നാട്ടുകാർ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി അഞ്ച് മണിയോടെ ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് തുടർനടപടികൾ സ്വീകരിക്കും. സഹോദരങ്ങൾ: മുഹമ്മദ് റൈഹാൻ, നൗറിൻ ഫാത്തിമ.