മാസ്റ്റർ പ്ലാൻ: എതിർപ്പുമായി ഡിവിഷൻ സഭകൾ
1298489
Tuesday, May 30, 2023 12:55 AM IST
തൃശൂർ: മാസ്റ്റർ പ്ലാനിനെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത ഡിവിഷൻ സഭകളിൽ വൻ പ്രതിഷേധം. പല ഡിവിഷൻ സഭകളും മാസ്റ്റർ പ്ലാനിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് യോഗങ്ങൾ പിരിഞ്ഞു.
ഒട്ടുമിക്കവരുടെയും വീടുകളും കടകളും ഒക്കെ നഷ്ടപ്പെടുന്ന രീതിയിൽ മാസ്റ്റർ പ്ലാൻ കൊണ്ടുവരുന്നതിനെതിരെ ശക്തമായ എതിർപ്പാണ് ഡിവിഷൻ സഭകളിൽ ഉയർന്നത്. മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് വ്യക്തമായ കാര്യങ്ങൾ ഓരോ വ്യക്തികൾക്കും മനസിലാകുന്ന രീതിയിൽ നൽകാനും പല ഡിവിഷൻ സഭകളും ആവശ്യപ്പെട്ടു. നേരത്തെയുണ്ടായിരുന്ന മാസ്റ്റർ പ്ലാൻ പലരുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റുകയാണെന്നും ഏത് മാസ്റ്റർ പ്ലാനാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യമുയർന്നു. ഡിവിഷനുകളിൽ ആളുകളുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി പറയാനും പല വാർഡ് കൗണ്‍സിലർമാർക്കും കഴിയാത്ത സാഹചര്യമാണ്. ഇതേ സമയം മാസ്റ്റർ പ്ലാനിന്റെ കരട് കൗണ്‍സിലർമാർക്ക് നൽകാതെയാണ് ഡിവിഷൻ സഭായോഗങ്ങൾ വിളിക്കാൻ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ എല്ലാം വെബ്സൈറ്റിൽ ഉണ്ടെന്ന മറുപടിയാണ് ഭരണകക്ഷി നൽകിയത്.
എല്ലാ ആളുകൾക്കും വെബ്സൈറ്റിൽ കയറി മാസ്റ്റർ പ്ലാൻ പഠിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കി തന്നെയാണ് ഇത്തരത്തിൽ പ്രഹസനം നടത്തി തങ്ങൾക്കിഷ്ടമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ ശ്രമം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പല റോഡുകൾക്കും ആവശ്യത്തിലധികം വീതിയാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരേപോരെ വീതിയല്ലാതെ പല സ്ഥലങ്ങളിലെത്തുന്പോൾ വീതി കുറയുകയും ചില സ്ഥലങ്ങളിൽ വീതികൂടുകയും ചെയ്യുന്നുണ്ടെന്നതും കൗണ്‍സിൽ യോഗങ്ങളിൽ ചർച്ചയായിരുന്നു. ഇത്തരം വിഷയങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിൽ ഒരു വ്യക്തത ഇതുവരെയും കിട്ടിയിട്ടില്ലത്രേ. അതിനാൽ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് ഏതാണെന്ന് തങ്ങളെ ബോധ്യപ്പെടുത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡിവിഷനുകളിലെ വോട്ടർമാർ.