സ്വരാജ് റൗണ്ടിൽ കൂടുതൽ സിഗ്നൽ ലൈറ്റുകൾ
1298488
Tuesday, May 30, 2023 12:55 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സ്വരാജ് റൗണ്ടിൽ വാഹനങ്ങളുടെ വേഗതയ്ക്കു കടിഞ്ഞാണിട്ട് കൂടുതൽ ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവന്നു. ജനറൽ ആശുപത്രി പരിസരം, കുറുപ്പം റോഡ് ജംഗ്ഷൻ, നടുവിലാൽ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പുതിയ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചത്. നായ്ക്കനാൽ ജംഗ്ഷനിൽ സിഗ്നൽ നേരത്തേതന്നെ നിലവിലുണ്ട്. ഇതോടെ റൗണ്ടിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കാൽനട യാത്രക്കാർക്ക് ജംഗ്ഷനുകളിൽ അപകടം കൂടാതെ റോഡ് മുറിച്ച് കടക്കാനുമാകും.
സ്വരാജ് റൗണ്ടിൽ പുതിയ ട്രാഫിക് സിഗ്നൽ പ്രവർത്തനം തുടങ്ങിയതറിയാതെ കുഴങ്ങിയത് വാഹന യാത്രക്കാർ. സിഗ്നൽ ലൈറ്റുകൾക്കുള്ള തൂണുകൾ നേരത്തെ സ്ഥാപിച്ചിരുന്നെങ്കിലും ലൈറ്റുകൾ പ്രവർത്തനമാരംഭിച്ചത് മിക്കവരും അറിഞ്ഞില്ല. ജനറൽ ആശുപത്രിക്കു സമീപം സ്ഥാപിച്ച സിഗ്നൽ ലൈറ്റ് പ്രവർത്തനം തുടങ്ങിയത് അറിയാതെ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മുന്പിൽ പോയിരുന്ന ബൈക്ക് യാത്രികൻ നിർത്തിയതറിയാതെ പിറകിൽ വന്നിരുന്ന ബസ് ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ താണിക്കുടം കളത്തിങ്കൽ ശ്രീജിത്തിനു (26) കൈയിനാണു പരിക്കേറ്റത്. വാഹനത്തിനു കേടുപാടുകളും പറ്റി.
പുതിയ സിഗ്നലുകൾ വാഹനത്തിരക്ക് വർധിപ്പിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. കുറുപ്പം റോഡ് ജംഗ്ഷനിൽനിന്ന് സിഗ്നൽ കടന്നു ഏതാനും നിമിഷങ്ങൾക്കകം അടുത്ത സിഗ്നൽ ജംഗ്ഷനിൽ എത്തും. അവിടെനിന്നു കടന്നാൽ ഒട്ടും വൈകാതെ മൂന്നാമത്തെ ജംഗ്ഷനിലും എത്തും. കുറുപ്പം റോഡിനും നായ്ക്കനാലിനും മധ്യേ പുതിയ രണ്ട് സിഗ്നലുകൾ അടക്കം ആകെമൂന്ന് സിഗ്നലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് വാഹന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആദ്യദിനത്തിൽ തന്നെ അഭിപ്രായം ഉയർന്നിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നതുകൊണ്ട് റൗണ്ടിൽ ബ്ലോക്ക് ഉണ്ടാകാറില്ലെന്നും എന്നാൽ പുതിയ സിഗ്നലുകൾ വന്നതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. സിഗ്നലുകളിൽ പെട്ട് സമയം പോകുന്ന അവസ്ഥ തങ്ങൾക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് സ്വകാര്യ ബസുകാർ പറഞ്ഞു.