സെന്റ് മേരീസിന്റെ സാരഥി സിസ്റ്റർ ഡോ. മാഗി ജോസ് വിടവാങ്ങുന്നു
1298487
Tuesday, May 30, 2023 12:55 AM IST
തൃശൂർ: സെന്റ് മേരീസ് കോളജിനെ നാക് അക്രഡിറ്റേഷൻ അടക്കമുള്ള നേട്ടങ്ങളിലൂടെ വിജയത്തിലേക്കു നയിച്ച പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മാഗി ജോസ് 27 വർഷത്തെ സേവനത്തിനുശേഷം നാളെ വിരമിക്കുന്നു.
1996 മുതൽ ഗണിതശാസ്ത്ര അധ്യാപികയായാണു തുടക്കം. കോളജ് ഹോസ്റ്റൽ വാർഡൻ, ബർസാർ, മാത്തമാറ്റിക്സ് വിഭാഗം അധ്യക്ഷ, റിസർച്ച് ഗൈഡ് തുടങ്ങി ആറുവർഷം പ്രിൻസിപ്പലുമായിരുന്നു. ഭാരത് രത്ന ഇന്ദിരാഗാന്ധി അവാർഡ് (2022), പ്രൈഡ് ഓഫ് ഇന്ത്യൻ വിമൺ അവാർഡ് (2023), എസ്എംസിഎ ശക്തൻ ഹരിത വിസ്മയ അവാർഡ്, മദർ തെരേസ ഗോൾഡൻ അവാർഡ്, ലൈഫ് ടൈം എച്ചീവ്മെന്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്ക് സിസ്റ്റർ അർഹയായിട്ടുണ്ട്. 2017ൽ പ്രിൻസിപ്പലായി ചാർജ് ഏറ്റെടുത്തതോടെ കലാലയത്തിന്റെ പ്രതിഛായ ദേശീയ ആഗോളതലങ്ങളിലെത്തിക്കാൻ സിസ്റ്റർക്കു സാധിച്ചു. ഗവേഷണ പുരസ്കാരങ്ങൾ, സാങ്കേതിക മികവുകൾ, കലാ കായിക പുരസ്കാരങ്ങൾ എന്നിങ്ങനെ അഭിവൃദ്ധിയുടെ നാളുകൾ കലാലയത്തിന്റെ ഏടുകളിൽ ഇടംപിടിച്ചു.
ശാസ്ത്രസാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ റൂസ്, ഡിഎസ്ടി- ഫിസ്റ്റ്, സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി. നൂതനമായ കോഴ്സുകൾ, ഇന്റർ ഡിസിപ്ലിനറി റിസർച്ച് ലാബ്, എംകാർ, സ്പോർട്സ് ഗാലറി കൂടുംബക്ഷേമ ത്തിനുള്ള തയ്യൽ പരിശീലന കേന്ദ്രം, സ്വയം തൊഴിൽ കേന്ദ്രം തുടങ്ങിയവ സിസ്റ്ററിന്റെ സേവനകാലത്ത് സ്ഥാപിച്ചവയാണ്. കലാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അനേകം സാമൂഹിക ക്ഷേമ പദ്ധതികൾ സിസ്റ്റർ നടപ്പാക്കി. പ്രളയകാലത്തും കോവിഡ് കാലത്തും സിസ്റ്റർ ഏറ്റെടുത്ത കർമപദ്ധതികൾ മനുഷ്യനന്മയുടെയും കാരുണ്യത്തിന്റെയും മറുവാക്കായി.