കുഴിക്കാട്ടുശേരിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ; കൊടിേ യറ്റം ഇന്ന്
1298485
Tuesday, May 30, 2023 12:55 AM IST
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ, ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഇന്ന് കൊടിയേറും.
വൈകീട്ട് അഞ്ചിന് വിശുദ്ധയുടെ പുത്തൻചിറയിലെ ജന്മഗൃഹത്തിൽ നിന്ന് പതാക പ്രയാണം ആരംഭിച്ച് തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേരും. തുടർന്ന് വൈകീട്ട് ആറിന് കൊടികയറ്റം, ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികനാകും.
ജൂൺ എട്ടിനു നടക്കുന്ന പ്രധാന തിരുനാളിനു മുന്നോടിയായി കൊടിക്കയറ്റം മുതലുള്ള നവനാൾ ദിവസങ്ങളിൽ രാവിലെ 10.30 ന് ദിവ്യബലി, നൊവേന എന്നിവ നടക്കും.
ഇരിങ്ങാലക്കുട രൂപതയിലെ ഫൊറോന വികാരിമാർ ഈ ദിവസങ്ങളിലെ തിരുകർമങ്ങശളിൽ കാർമികരാകും. ദിവസവും വൈകിട്ട് അഞ്ചിന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവ നടക്കും. മെത്രാൻമാരായ മാർ തോമസ് തറയിൽ, മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ഡോ. ഗീവർഗീസ് മാർ അപ്രേം, ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, മാർ അലക്സ് താരാമംഗലം, മാർ മാത്യു വാണിയ കിഴക്കേൽ, മാർ ജോർജ് വലിയമറ്റം എന്നിവർ മുഖ്യകാർമികരാകും.
പ്രധാന തിരുനാൾ ദിനമായ ജൂൺ എട്ടിന് രാവിലെ 9.30നുളള തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. രാവിലെ മുതൽ ആറ്, ഏഴ്, ഉച്ചക്ക് 12, വൈകിട്ട് മൂന്ന്, ഏഴ് സമയങ്ങളിൽ ദിവൃബലി. തിരുനാൾ ദിനത്തിൽ രാവിലെ 8.30 ന് നേർച്ചഭക്ഷണം ആശീർവദിച്ച് വിതരണം തുടങ്ങും. മൂന്നിനുള്ള ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം. എട്ടാമിടം ജൂൺ 15ന് ആഘോഷിക്കും. ജൂൺ മൂന്നിന് ഉച്ചക്ക് രണ്ട് മുതൽ കുടുംബ സംഗമവും നാലിന് ഉച്ചക്ക് രണ്ട് മുതൽ ഹോളിഫാമിലി അത്മായ കൂട്ടായ്മയും നടക്കുമെന്ന് പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്റരും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, ജനറൽ കൺവീനർ ജോസ് പോൾ ചെതലൻ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.