കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്ക് നൽകി വ്യാപാരി മാതൃകയായി
1298479
Tuesday, May 30, 2023 12:54 AM IST
ചാലക്കുടി: കളഞ്ഞു കിട്ടിയ മൂന്നു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെനൽകി വ്യാപാരി സത്യസന്ധതക്ക് മാതൃകയായി.
പോട്ട ആശ്രമം ജംഗ്ഷനിലെ പൈനാടത്ത് സൂപ്പർ മാർക്കറ്റ് ഉടമ ജോയി പൈനാടത്താണ് മാതൃകയായത്. കഴിഞ്ഞ ദിവസമാണ് കടയിൽ സ്വർണമാല വീണു കിടക്കുന്നത് കണ്ടത്. വിവരം കൗണ്‍സിലർ ലിബി ഷാജിയെ അറിയിച്ചു. സ്വർണമാലയാണൊ എന്നറിയാൻ കൗണ്സിലറോടപ്പം ജ്വല്ലറിയിൽ കൊണ്ടുപോയി മാല പരിശോധിച്ചപ്പോൾ സ്വർണമാല തന്നെയാണെന്ന് ഉറപ്പായി. മാല പോലീസ് സ്റ്റേഷനിൽ ഏല്പിക്കുയും ചെയ്തു. പോട്ട എലഞ്ഞിക്കൽ ജോസിന്റെതായിരുന്നു മാല. സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വന്ന ജോസ് പണം കൊടുക്കാൻ പഴ്സ് തുറന്നപ്പോൾ മാല വീണു പോയതറിഞ്ഞിരുന്നില്ല.
മാലയുടെ കേട് തീർക്കാൻ സ്വർണപ്പണിക്കാരന്റെ അടുത്തേക്ക് ഭാര്യ കൊടുത്തു വിട്ടതായിരുന്നു മാല. കൊടുക്കാൻ പഴ്സ് തുറന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. അടുത്തദിവസം സൂപ്പർമാർക്കറ്റിൽ മാല കിട്ടിയൊ എന്നറിയാൻ എത്തിയപ്പോഴാണ് മാല കിട്ടിയ വിവരം കടയുടമ ജോയി അറിയിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയ ജോസിനും ഭാര്യക്കും ജോയിയുടെ സാന്നിധ്യത്തിൽ എസ്ഐമരായ ഷാജു എടത്താടനും സി.വി. ഡേവിസും മാല കൈമാറി.