തീരദേശമേഖലയിൽ വാസയോഗ്യമായ വീട് യാഥാർഥ്യമാക്കുക ലക്ഷ്യം: മന്ത്രി
1298473
Tuesday, May 30, 2023 12:54 AM IST
കയ്പമംഗലം: തീരദേശമേഖലയിൽ വാസയോഗ്യമായ വീട് യാഥാർഥ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കയ്പമംഗലം നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാതാപിതാക്കൾ കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകണം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എവിടെ വരെ പഠിക്കണോ അതുവരെ പഠിക്കാനുള്ള സൗകര്യം ഗവണ്മെന്റ് ഒരുക്കും. മത്സ്യത്തൊഴിലാളികൾ ഇൻഷ്വറൻസ് എടുക്കണമെന്നും സുരക്ഷിതത്വം പ്രധാനമാണെന്നും അപകടരഹിതമായ മത്സ്യബന്ധനത്തെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയരുത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. മത്സ്യസന്പത്ത് സംരക്ഷണം, ലഹരി ഉപയോഗം എന്നിവയെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പെരിഞ്ഞനം എലഗൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. ടെസണ് മാസ്റ്റർ എംഎൽഎ അധ്യക്ഷനായി.
കയ്പമംഗലം നിയോജക മണ്ഡലത്തിലെ തീരദേശമേഖലയുടെ സമഗ്ര വികസനത്തിനായി സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളും ഇടപെടലുകളും പരിപാടിയിൽ വിശദീകരിച്ചു. ഇതോടൊപ്പം തന്നെ തീരദേശ മേഖലയിലെ പ്രതിഭകളേയും ആദരിച്ചു.
ചടങ്ങിൽ 15 വർഷം പൂർത്തിയാക്കിയ ഏറ്റവും മികച്ച യൂണിറ്റായ വഞ്ചിപ്പുര ഡ്യൂ ഡ്രോപ്സ് പേപ്പർ പ്ലെയ്റ്റ് യൂണിറ്റ്, അംഗങ്ങളായ ബിന്ദു, ശോഭന എന്നിവരേയും മന്ത്രി സജി ചെറിയാൻ അനുമോദിച്ചു. മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും മുതിർന്ന 16 മത്സ്യത്തൊഴിലാളികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 90 പേരേയും മന്ത്രി ആദരിച്ചു. പുനർഗേഹം പദ്ധതിയിൽപ്പെട്ട 113 പേർക്ക് ആധാരവും നൽകി.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹ ധനസഹായമായി 68 ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതം ആകെ 6,80,000 രൂപയും മരണപ്പെട്ട നാല് മത്സ്യത്തൊഴിലാളി കുടുംബത്തിന് 15,000 രൂപ വീതം 2,10,000 രൂപയും സാഫിന്റെ ചെറുകിട തൊഴിൽ സംരംഭങ്ങൾക്കുളള സാന്പത്തികസഹായമായി ആറു യൂണിറ്റുകൾക്ക് 14,10,611 രൂപയുടെ ധനസഹായവും ഉൾപ്പെടെ ആകെ 23,00,611 രൂപയുടെ ധനസഹായം ചടങ്ങിൽ നൽകി. തീരസദസിന്റെ ഭാഗമായി പെരിഞ്ഞനം ഗവ യുപി സ്കൂളിൽ മന്ത്രി സജി ചെറിയാന്റെയും ഇ.ടി. ടൈസന്റേയും നേതൃത്വത്തിൽ ജനപ്രതിനിധി സമ്മേളനം നടന്നു. തീരദേശ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളും ആവശ്യമായ പദ്ധതികളും ജനപ്രതിനിധികൾ ചർച്ച ചെയ്തു.
കയ്പമംഗലത്ത് ഫിഷ് ലാന്റ്, ഹാർബർ, തീരദേശ റോഡുകൾ, തീരസംരക്ഷണം, ആരോഗ്യം, ബീച്ച് ടൂറിസം, മത്സ്യ സഹകരണ സംഘ ശാക്തീകരണം, കുടിവെള്ള പദ്ധതി തുടങ്ങിയ വിഷയങ്ങൾ ജനപ്രതിനിധികൾ ചർച്ച ചെയ്ത് ആവശ്യമായ തുടർ നടപടികൾ തീരുമാനിച്ചു. നിയോജകമണ്ഡലത്തിൽ തീരസദസിന്റെ ഭാഗമായി ലഭിച്ച 241 പരാതികളിൽ 232 എണ്ണം തീർപ്പാക്കി. ബാക്കി പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കും. തീരസദസിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രെഡ് യൂണിയൻ നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.