മമ്മിയൂർ - കോട്ടപ്പടി റോഡ് പൂർത്തിയായി; പൊളിക്കലും തുടങ്ങി
1298470
Tuesday, May 30, 2023 12:50 AM IST
ഗുരുവായൂർ: മമ്മിയൂർ കോട്ടപ്പടി റോഡ് നിർമാണം പൂർത്തീകരിച്ചിട്ട് ദിവസങ്ങൾ കഴിയുന്പോഴേക്കും റോഡ് കുത്തി പൊളിക്കാർ എത്തി റോഡ് പൊളിക്കൽ നടത്തി. മമ്മിയൂർ സെന്ററിലും കോട്ടപ്പടിയിലുമാണ് റോഡ് പൊളിച്ച് വലിയ കുഴിയെടുത്തിട്ടുള്ളത്. സാധരണയിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി പൊളിക്കാനെത്തിയതു ഗെയിൽ പൈപ്പ് ലൈൻകാരാണെന്നു മാത്രം. മാസങ്ങളോളം അടച്ചിട്ട റോഡ് ആദ്യം ബിറ്റുമൻ മെക്കാഡം ചെയ്ത് സഞ്ചാരയോഗ്യമാക്കി. അതിനു ശേഷം ബിറ്റുമൻ കോണ്‍ക്രീറ്റ് നടത്തി റോഡിന്റെ മുഴുവൻ പണിയും തീർത്തതു കഴിഞ്ഞയാഴ്ചയാണ്. പണി മുഴുവൻ പൂർത്തീകരിച്ചതോടെ പൊളിച്ചടുക്കലും തുടങ്ങി.
റോഡ് ഗതാഗതം ഒരു വശത്തേക്കു തടസപ്പെടുത്തിയാണു പൊളി നടക്കുന്നത്. റോഡിന്റ കാൽ ഭാഗത്തോളം ഭാഗം പൊളിച്ച് ആറടിയോളം താഴ്ചയിലാണ് കുഴിയെടുത്തിട്ടുള്ളത്. സാധരണ ദിവസങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുള്ള മമ്മിയൂർ ജംഗ്ഷനിൽ റോഡ് പൊളിയും ഗതാഗത നിയന്ത്രണവും വന്നതോടെ വാഹന യാത്രക്കാരുടെ ദുരിതം വീണ്ടും കൂടിയിരിക്കുകയാണ്.
ജൂണ്‍ ഒന്നിന് അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഗതാഗത നിയന്ത്രണം ഈ ഭാഗത്തെ കോളജുകളിൽ എത്തേണ്ട വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.