തീരദേശ ഹൈവേ കല്ലിടൽ: പ്രതിഷേധം മൂലം നിർത്തിവച്ചു
1298469
Tuesday, May 30, 2023 12:50 AM IST
ചേറ്റുവ: തീരദേശ ഹൈവേ പിങ്ക് കല്ല് സ്ഥാപിക്കൽ കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് ഭാഗത്ത് എത്തിയപ്പോൾ പ്രതിഷേധം മൂലം നിർത്തിവയ്ക്കേണ്ടി വന്നു. സ്ഥലം നഷ്ടപ്പെടുന്നവരും നാട്ടുകാരുമാണ് പ്രതിഷേധമായി എത്തിയത്. ലൈറ്റ് ഹൗസ് മുതൽ കൂടുതൽ ജനവാസ കേന്ദ്രമായ കിഴക്കുഭാഗത്തേക്കാണ് കല്ലിടൽ കടക്കുന്നത്. നിലവിലെ റോഡ് ഒഴിവാക്കി യാണ് നിർമാണം നടത്തുന്നത്. നിലവിലുള്ള പിഡബ്ല്യുഡി റോഡ് ഉപയോഗപ്പെടുത്തി തീരദേശ ഹൈവേ വികസിപ്പിക്കണമെ ന്നാണു ജനങ്ങളുടെ ആവശ്യം. ഇതിനു വിരുദ്ധമായി ജനവാസ മേഖലയിലേക്ക് കല്ലിടൽ തുടങ്ങിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. ഈ ആവശ്യമുന്നയിച്ച് ജനപ്രതിനിധികൾ, എംഎൽഎ, വകുപ്പു മന്ത്രി, ഉദ്യോഗസ്ഥർ എന്നിവർക്കു നിവേദനം നൽകിയി രുവെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല. ഭൂമിയ്ക്ക് ഉയർന്ന വില നൽകുമെന്നാണു സർക്കാർ പറയുന്നത്. എന്നാൽ മാർക്കറ്റ് വിലയുടെ ഇരട്ടി വേണമെന്നതാണു പ്രതിഷേധക്കാരുടെ ആവശ്യം. തൊട്ടടുത്ത നാഷണൽ ഹൈവേ സ്ഥ ലം എറ്റടുക്കുന്നതിനു സ്വീകരിച്ച നഷ്ടപരിഹാര പാക്കേജ് തീരദേശ ഹൈവേയുടെ കാര്യത്തി ലും സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ പി.വി. ഉമ്മർകുഞ്ഞി, പി.എം. മുജീബ്, വി.എം. മനാഫ്, ടി.ആർ. ഇബ്രാഹിം, പി.എ. അഷ്കർ അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ തുടങ്ങിയവരും സ്ഥലമുടമകളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.
പോലീസും വകുപ്പ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം ശക്തമായിതിനെ തുടർന്നാണു കല്ലിടൽ നിർത്തിവച്ചത്.