മാറ്റിക്കയറ്റം ഓർമ മാത്രമായി
1298468
Tuesday, May 30, 2023 12:50 AM IST
ചാവക്കാട്: തീരത്ത് ഒരു പുതുവർഷം കൂടി പിറക്കുകയാണ്. പഴയകാലത്ത് കടലിനേക്കാൾ ആരവത്തിൽ നടന്നിരുന്ന പുതുവർഷവും മാറ്റിക്കയറ്റവും ഇന്നലെ പക്ഷെ, ചടങ്ങ് മാത്രമാണ്. ഇടവം പതിനഞ്ച് മത്സ്യത്തൊഴിലാളികളുടെ പുതുവർഷമാണ്. ഇന്നാണു മാറ്റിക്കയറ്റം.
തീരമേഖലയിൽ ആഘോഷപൂർവം നടന്നിരുന്ന മാറ്റിക്കയറ്റം എന്ന ചടങ്ങ് മത്സ്യത്തൊഴിലാളികളുടെ കൈമാറ്റമാണ്. നിലവിലുള്ള വഞ്ചി മുതലാളിയുടെ കടങ്ങൾ പുതിയ വഞ്ചി മുതലാളി കൊടുത്തുതീർത്ത് തൊഴിലാളികളെ ഏറ്റുടുക്കും. കഴിവും തടിമിടിക്കുമുള്ള തൊഴിലാളികളെയാണ് ഏറ്റെടുക്കുക. അല്ലാത്തവർ പഴയ മുതലാളിയുടെ കീഴിൽ തന്നെ.
ഓരോ തൊഴിലാളിയും പണി എടുക്കുന്ന വഞ്ചി മുതലാളിയിൽ നിന്ന് വറുതിയുടെ കാലത്തും വിവാഹം, മരണം, കുട്ടികളുടെ പഠനം, രോഗബാധ തുടങ്ങിയ ആവശ്യങ്ങൾക്കു പറ്റ് വാങ്ങും. പിടിച്ചുകൊണ്ടുവരുന്ന മീനിനെ കണക്കാക്കിയാണു പണത്തിന്റെ കടം വീട്ടൽ. ഈ കൊണ്ടുക്കൊടുക്കൽ വാങ്ങൽ ഇടപാടിനു രേഖയില്ല, കടലമ്മയാണ് സത്യം. ആവശ്യങ്ങൾ ഒരോന്നായി വരും, തൊഴിലാളി എന്നും കടക്കാരൻ തന്നെ. ഇതിൽ നിന്നും മോചനമാണ് മാറ്റിക്കയറ്റം.
പഴയ മുതലാളിയുടെ പറ്റ് പുതിയ മുതലാളിയുടെ കണക്ക് പുസ്തകത്തിൽ കയറുക മാത്രമണ് മാറ്റം. തൊഴിലാളി എന്നും കടക്കാരൻ തന്നെ. പുതിയ വഞ്ചിയിൽ പ്രതീക്ഷിക്കാതെ മീൻ കയറിയാൽ തൊഴിലാളിക്കു കടത്തിൽ നിന്നും മോചനം നേടാം. പരന്പരാഗത മത്സ്യത്തൊഴിലാളികൾ ധാരാളം ഉണ്ടായിരുന്ന കാലത്താണു മാറ്റിക്കയറ്റം ആഘോഷമായിരുന്നത്.