വാഴാനിയിലെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി; കൃഷികൾ നശിപ്പിച്ചു
1298465
Tuesday, May 30, 2023 12:50 AM IST
പുന്നംപറന്പ്: വാഴാനിയിൽ കാട്ടാന ജനവാസമേഖലയിലിറങ്ങി. വീട്ടുമുറ്റങ്ങളിലെത്തിയ കാട്ടാന തെങ്ങും കവുങ്ങുമടക്കമുള്ള കൃഷികൾ കുത്തിമറിച്ചിടാനും ശ്രമിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം.
വാഴാനി സ്വദേശികളായ കുന്നത്തുവളപ്പിൽ ചന്ദ്രന്റെയും സമീപവാസിയായ ആനന്ദന്റെയും വീടുകളിലെത്തിയ ആന തെങ്ങും കവുങ്ങും കുത്തിമറിച്ചിടാൻ ശ്രമിച്ചു. ചന്ദ്രന്റെ വീട്ടുപറന്പിലെ പ്ലാവ് കാട്ടാന ചവിട്ടിമറിച്ചിട്ടു. വീട്ടുകാർ ബഹളംകൂട്ടി അകറ്റി നിറുത്തിയ ആനയെ പിന്നീട് വനപാലകരെത്തി പടക്കംപൊട്ടിച്ച് കാടുകയറ്റുകയായിരുന്നു.
എന്നാൽ കാടുകയറ്റിയ ആന വനപാലകരെ ഞെട്ടിച്ച് അല്പസമയത്തിനകം വാഴാനി ഫോറസ്റ്റ് സ്റ്റേഷന്റെ മുൻപിൽ വീണ്ടുമെത്തി. ഇവിടെ നിന്നും ഏറെ ശ്രമത്തിനുശേഷം കൊന്പനെ വീണ്ടും വനപാലകർ കാടുകയറ്റി.
മച്ചാട് വനമേഖലയിലുള്ള കാട്ടാനകൾ വാഴാനിയിലും പരിസരപ്രദേശങ്ങളിലുമുള്ള ജനവാസമേഖലകളിലിറങ്ങി ഭീതി വിതയ്ക്കുന്നതും കൃഷിനാശം വരുത്തുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരെ നിരവധി തവണ അധികൃതർക്കു പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.