പ്രസന്നക്കും സുഭാഷിനും മക്കൾക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം
1298265
Monday, May 29, 2023 1:19 AM IST
തിരുവില്വാമല: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതുനൽകുന്ന 283- മത്തെ സ്നേഹഭവനം തിരുവില്വാമല കണിയാർകോട് കളത്തിൽ വീട്ടിൽ സുഭാഷ് - പ്രസന്ന ദന്പതികൾക്കും അവരുടെ അഞ്ചു കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് നിർമിച്ചു നൽകി. വിദേശ മലയാളിയായ ജെയിം സ് പള്ളിത്തറയിൽ ഫ്രാൻസിസിന്റെ സഹായത്താലാണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ജെയിംസിന്റെ മാതാവായ ചിന്നമ്മ ഫ്രാൻസിസ് നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമിക്കുവാൻ സാധിക്കാതെ അടച്ചുറപ്പില്ലാത്ത ഒറ്റ മുറി പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ ആയിരുന്നു സുഭാഷും ഭാര്യ പ്രസന്നയും അഞ്ചു കുട്ടികളും താമസിച്ചിരുന്നത്. നിത്യവൃത്തിക്കുപോലും വകയില്ലാതിരുന്ന കുടുംബം കുട്ടികളുടെ പഠനത്തിനും വീട്ടുചെലവുകളും കഴിച്ച് മിച്ചം വെക്കാനില്ലാത്തതിനാൽ ഒരു വീട് പണിയുവാൻ സാധിച്ചില്ല. ഇവരുടെ ദയനീയസ്ഥിതി നേരിട്ടുകണ്ട് മനസിലാക്കിയ ടീച്ചർ ഇവർക്കായി മൂന്നു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെന്പർ ആർ. രഞ്ജിത്ത്, പ്രോജക്ട് കോ-ഒാർഡിനേറ്റർ കെ.പി. ജയലാൽ, ഷെറിൻ ഫ്രാൻസിസ്, പ്രശാന്ത് മേനോൻ, ടി.പി. രവികുമാർ എന്നിവർ പ്രസംഗിച്ചു.