സ്കൂളുകളിൽ കുട്ടികൾക്ക് മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: മന്ത്രി ബിന്ദു
1298258
Monday, May 29, 2023 1:15 AM IST
ഇരിങ്ങാലക്കുട: സർക്കാർ ആവിഷ്ക്കരിച്ച ലഹരിവിരുദ്ധ ക്യാന്പയിനിന്റെ മൂന്നാംഘട്ടം സ്കൂളുകളിൽ ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ തദ്ദേശഭരണ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും സ്കൂൾ പിടിഎ പ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.
സ്കൂൾതല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്റെയും സവിശേഷത പരിഗണിച്ച് വേണ്ട പ്രവർത്തനങ്ങൾ ഉറപ്പുവരുത്തും. സ്കൂൾ പരിസരത്ത് ലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളിൽ കടകളും മറ്റും പരിശോധിക്കും. കുട്ടികളിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും ശുചിത്വ അംബാസഡറുകളായി കുട്ടികൾ വേണമെന്നും സ്കൂൾ തുറക്കലിന് മുന്നോടിയായി വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ എൻഎസ്എസ്, എസ്പിസി, സ്കൗട്ട് ക്ലബുകളും പങ്കാളികളാകും. ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് ക്യാന്പസ് കൃഷിക്കും പൂന്തോട്ട നിർമ്മാണത്തിനും ഉപയോഗിക്കാൻ സംവിധാനമൊരുക്കും. സ്കൂളിലെ ജൈവമാലിന്യം ഉപയോഗിച്ച് കൃഷി പ്രോത്സാഹിക്കും.