തിരിച്ചടവ് തെറ്റി, വാക്കുതർക്കം തല്ലിൽ കലാശിച്ചു: പ്രതി അറസ്റ്റിൽ
1298253
Monday, May 29, 2023 1:15 AM IST
കൊരട്ടി: തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് വീട്ടിൽ ചോദിക്കാനെത്തിയ സ്ഥാപക പ്രതിനിധി ഉപഭോക്താവിനെ ആക്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റ്. വല്ലച്ചിറ കോലഴി വീട്ടിൽ നവീനെ (29)യാണ് കൊരട്ടി സിഐ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. കൊരട്ടി വഴിച്ചാൽ സ്വദേശി ബാബുവാണ് പരാതിക്കാരൻ.
തവണ വ്യവസ്ഥയിൽ ബാബു വാങ്ങിയ മൊബൈൽ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. അടവ് മുടങ്ങിയതോടെ ഫോണ് തിരിച്ച് പിടിക്കാൻ എത്തിയതായിരുന്നു നവീൻ. ഫോണ് തിരിച്ചുനൽകിയെങ്കിലും വിവരം സ്ഥാപനത്തെ അറിയിക്കണമെന്ന ബാബുവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് തർക്കം അടിപിടിയിലേക്ക് നീങ്ങുകയായിരുന്നുവത്രേ. നവീൻ വീട്ടിൽ കയറി ബാബുവിനെ മാരകമായി മർദിച്ചുവെന്നും മമ്മട്ടി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കൊരട്ടി പൊലീസ് വധശ്രമത്തിന് കേസെടുത്ത് നവീനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.