ജീവന്റെ കാവൽക്കാരായി പുനർജീവന പ്രക്രിയയിൽ പങ്കാളികളാവുക: തോമസ് ഉണ്ണിയാടൻ
1298251
Monday, May 29, 2023 1:15 AM IST
ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തിൽ പുനർജീവന പ്രക്രിയയിൽ പങ്കാളികളായി ജീവന്റെ കാവൽക്കാരാകാൻ ഏവ ർക്കും കഴിയണമെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ.
ഡോണ്‍ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഐഎംഎയുമായി സഹകരിച്ച് സംഘടിപ്പിച്ച ജീവൻ രക്ഷാ പദ്ധതി "ലബ്ഡബ് 2023’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണു മരണത്തിന് കീഴടങ്ങുന്ന ഒരു ജീവനെ രക്ഷിക്കുന്നയാൾ യഥാർത്ഥത്തിൽ ദൈവദൂതനാണ്. പണമോ വസ്തുക്കളോ കൊടുത്ത് ഒരാളെ സഹായിക്കുന്നതിനേക്കാൾ അതിവിശിഷ്ടമായ സമ്മാനമാണു ജീവൻ തിരികെ നൽകുകയെന്നത്. ഇത്തരമൊരു പരിശീലനം ഏറെ ഉപകാരപ്രദവും പ്രശംസനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജൂബിലി ചെയർമാനും ഡോണ്‍ ബോസ്കോ റെക്ടറുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. ജോം ജേക്കബ് നെല്ലിശേരി വിഷയാവതരണം നടത്തി. കെ.എസ്. അഭിലാഷ് അനുഭവങ്ങൾ പങ്കുവച്ചു. വാർഡ് കൗണ്‍സിലർ മേരിക്കുട്ടി ജോയ്, ജൂബിലി ജനറൽ കണ്‍വീനർ പോൾ ജോസ് തളിയത്ത് എന്നിവർ ആശംസകളർപ്പിച്ചു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കു ള്ള സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം സിബി അക്കരക്കാരനു നല്കി സർക്കിൾ ഇൻസ് പെക്ടർ അനീഷ് കരീം നിർവഹിച്ചു. ജൂബിലി വൈസ് ചെയർമാൻ ഫാ. സന്തോഷ് മണിക്കൊന്പിൽ സ്വാഗതവും പ്രോഗ്രാം കണ്‍വീനർ സെബി മാളിയേക്കൽ നന്ദിയും പറഞ്ഞു. 12 ഡോക്ടർമാരും ജീവൻ രക്ഷാ പരിശീലകരും പരിശീലനത്തിനു നേതൃത്വം നൽകി. ഓർഗനൈസിംഗ് സെക്രട്ടറി ലൈസ സെ ബാസ്റ്റ്യൻ, അധ്യാപകരായ ലിഷ കുര്യൻ, പ്രീജ ഗോപിനാഥ്, ദിൽമ തോമസ്, ഷിനി സൈമണ്‍, നിഷ മോൾ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.