ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്
1298248
Monday, May 29, 2023 1:12 AM IST
ഗുരുവായൂർ: സ്കൂൾ അവധിക്കാലത്തെ അവസാന ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജന തിരക്ക് അനുഭവപെട്ടു.
ദർശനത്തിനുള്ള വരി കിഴക്കേ നടയിലെയും തെക്കേ നടയിലേയും വരി പന്തൽ കവിഞ്ഞ് പടിഞ്ഞാറെ നടപന്തലും കടന്ന് പടിഞ്ഞാറെ ഇന്നർ റിംഗ് റോഡ് വരെയെത്തി. പൊതു അവധി ദിവസമായതിനാൽ സ്പെഷ്യൽ ദർശനം അനുവദിച്ചില്ല. ദർശനം വേഗത്തിലാക്കുന്നതിന് ഭക്തരെ കൊടിമരം വഴി നേരിട്ട് നാലന്പലത്തിലേക്ക് പ്രവേശിപ്പിച്ചത് ഭക്തർക്ക് അനുഗ്രഹമായി.
എന്നിട്ടും ദർശനത്തിനായി ഭക്തർക്ക് മണിക്കൂറുകളോളം വരിയിൽ നിൽക്കേണ്ടി വന്നു. ഇന്നലെ 18 വിവാഹങ്ങളും 531 ചോറൂണ് വഴിപാടും നടന്നു. 72.32 ലക്ഷത്തിന്റെ വഴിപാടുകളാണ് നടന്നത്. ഇതിൽ 24.48 ലക്ഷത്തിന്റെ നെയ് വിളക്ക് ശീട്ടാക്കിയുള്ള ദർശനവും, 23.12 ലക്ഷത്തിന്റെ തുലാഭാരം വഴിപാടും നടന്നു. ഉച്ചക്ക് രണ്ടര വരെ ഭക്തർക്ക് ദർശനം അനുവദിച്ചു.
ക്ഷേത്രം ഡി എ പി.മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് ദർശനത്തിന് ക്രമീകരണമൊരുക്കിയത്.