ജനാധിപത്യ ഇന്ത്യയ്ക്കു ഭരണഘടനയാണ് ചെങ്കോല്‍: ബിനോയ് വിശ്വം എംപി
1298240
Monday, May 29, 2023 1:12 AM IST
തൃശൂര്‍: ജനാധിപത്യ ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകം ഭരണഘടനയാണെന്നും ആ ഭരണഘടനയാണ് ഇന്ത്യയുടെ ചെങ്കോല്‍ എന്നും സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി.
ഒരുമിച്ച് നടക്കാം വര്‍ഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിച്ച സേവ് ഇന്ത്യാ മാര്‍ച്ചിന്റെ സമാപനം സാംസ്കാരിക നഗരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തില്‍ അധ്യക്ഷ പീഠത്തില്‍ പ്രതിഷ്ഠിക്കേണ്ടത് ചെങ്കോല്‍ അല്ല. ഭരണഘടനയുടെ വിഖ്യാതമായ ആമുഖമാണ് അവിടെ സ്ഥാപിക്കേണ്ടത്. മതതേര മൂല്യങ്ങളെ പോലും വകവയ്ക്കാതെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. ഇന്ത്യയുടെ ഒന്നാം പൗരത്വമുള്ള രാഷ്ട്രപതിയെപോലും മോദി അവഗണിച്ചു. മതനിരപേക്ഷ രാഷ്ട്രത്തിന്റെ നിയമനിര്‍മാണ സഭാ മന്ദിരം ഉദ്ഘാടന ചടങ്ങുകളില്‍ ബ്രാഹ്മണ്യത്തിന്റെ തള്ളിക്കയറ്റമായിരുന്നു.
എല്ലാവര്ക്കും ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്ന് മഹാത്മാഗാന്ധി പറഞ്ഞ സ്വരാജിനെ അകലേക്ക് ആട്ടിവിടുകയാണ് ബിജെപി. ആ സ്വരാജിനെ തിരികെ കൊണ്ടുവരാനാണ് നമ്മുടെ ശ്രമം. നീതിബോധത്തിന്റെ തീപന്തം ഉയര്‍ത്തിപ്പിടിച്ച് ഇരുട്ടിന്റെ എല്ലാകോട്ടകളെയും തകര്‍ക്കണം. അതിനുവേണ്ടിയുള്ള പോരാട്ടത്തിനാണ് എഐവൈഎഫ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ദേശീയ സെക്രട്ടറിയേറ്റംഗം ആര് തിരുമലൈ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി കെ. രാജന് അധ്യക്ഷനായി.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജാഥാ ക്യാപ്റ്റന്മാരായ എന്‍. അരുണ്‍, ടി.ടി. ജിസ്മോന്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.