പതിറ്റാണ്ടുകൾക്കുശേഷം ‘ആര്യമാല’ അരങ്ങിൽ
1298002
Sunday, May 28, 2023 6:58 AM IST
തിരുവില്വാമല: പതിറ്റാണ്ടുകൾക്കുമുന്പു ഗ്രാമ വേദികളിൽ അവതരിപ്പിച്ചിരുന്ന ആര്യമാല നാടകം വീണ്ടും അരങ്ങിലെത്തി. തിരുവില്വാമല ആക്കപ്പറന്പ് മാരിയമ്മൻ കോവിൽ മണ്ഡപത്തിലാണ് ആര്യപ്പു രാജാവിന്റെയും പത്നി മലർമാലയുടെയും അവരുടെ മകളായ ആര്യമാലയുടെയും കഥ ആക്കപ്പറന്പ് 24 മന തെലുങ്ക് ചെട്ടിയാർ സമുദായകലാകാര·ാർ അവതരിപ്പിച്ചത്.
തമിഴ് - മലയാളം ഇടകലർന്ന ഭാഷയിൽ നൃത്തത്തിനും പാട്ടിനും പ്രാധാന്യം നൽകിയാണു നാടകം അവതരിപ്പിച്ചത്. പാലക്കാട് ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ അവതരിപ്പിച്ചിരുന്ന ആര്യമാല കൂത്ത് എന്നു പേരുള്ള നാടകമാണു നാലു പതിറ്റാണ്ടുകൾക്ക് ശേഷം ആക്കപ്പറന്പ് തെരുവിൽ പുനരാവിഷ്കരിച്ചത്. പുതുതലമുറയ്ക്കു പരിചയപ്പെടുത്താനാണു നാടകം അരങ്ങിലെത്തിച്ചതെന്നു അഭിനേതാക്കളും അണിയറപ്രവർത്തകരുമായ സുന്ദരം ചെട്ടിയാർ, എ.പി. ആറുമുഖൻ, കെ. കൃഷ്ണൻകുട്ടി, എം. ശിവ ചന്ദ്രൻ, ഭുവനേശ്വരി അമ്മ എന്നിവർ പറഞ്ഞു.