നാടിന്റെ വികാരമായി ആറങ്ങാലി ഫെസ്റ്റ്
1297996
Sunday, May 28, 2023 6:55 AM IST
കാടുകുറ്റി: ചാലക്കുടിപ്പുഴയുടെ അവശേഷിക്കുന്ന മണപ്പുറങ്ങളിലൊന്നായ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ആറങ്ങാലി പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 29, 30 ദിവസങ്ങളിലായി ആറങ്ങാലി ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
പ്രളയാനന്തരം ആകർഷകവും വിശാലവുമായി മാറിയതോടെ തദ്ദേശിയരും നാടിന്റെ നാനാ ഇടങ്ങളിൽ നിന്നും ഒഴിവു സമയം സന്തോഷകരമായി മാറ്റാൻ കൊതിക്കുന്നവരുടെ സന്ദർശന കേന്ദ്രമായി മാറിയ ആറങ്ങാലി പുഴയോരത്തെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ആറങ്ങാലി ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 9.30ന് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് പതാക ഉയർത്തുന്നതോടെ ഫെസ്റ്റിന് തിരശീല ഉയരും. എക്സിബിഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി താരം വിപിൻ തോമസ് ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് വർണവസന്തം ചിത്രപ്രദർശനം നടക്കും. 11.30 ന് കവി സമ്മേളനം സച്ചിദാനന്ദൻ പുഴങ്കര ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് ആതിരനിലാവ് നടക്കും. റവന്യു മന്ത്രി കെ.രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് ’പുഴയും മാറുന്ന കാലവും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് സമാപന സമ്മേളനം വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി 8.30 ന് ബൊളീവിയൻ സ്റ്റാർസ് എന്ന നാടകം അരങ്ങേറും.
രണ്ടു ദിവസങ്ങളിലായി ക്രമീകരിക്കുന്ന ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, കണ്‍വീനർ സി.ഡി. പോൾസണ്‍, വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സ്ഥിരം സമിതി അധ്യക്ഷൻ പി. വിമൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സീജോ കരേടൻ എന്നിവർ അറിയിച്ചു.
മുന്നോടിയായി പുഴ നടത്തം
കാടുകുറ്റി: പ്രളയക്കെടുതിയുടെ തിക്തഫലങ്ങളേറെ ഏറ്റുവാങ്ങിയ പഞ്ചായത്തുകളിലൊന്നായിരുന്നു കാടുകുറ്റി. പഞ്ചായത്തിന്റെ ഹരിതാഭവും പ്രകൃതി രമണീയവുമായ ആറങ്ങാലിയിൽ ജലസ്രോതസ് സംരക്ഷിക്കുന്നതിനൊപ്പം നാട്ടിൽ അന്യമായി മാറുന്ന സൗഹൃദ കൂട്ടായ്മകളും കലാ-സാംസ്കാരിക കൂട്ടായ്മകളും ചേർത്തു പിടിക്കാൻ പൊതു ജന പങ്കാളിത്തത്തോടെ ഒരുക്കുന്ന ആറങ്ങാലി ഫെസ്റ്റിന് മുന്നോടിയായി ഇന്നലെ പുഴ നടത്തം സംഘടിപ്പിച്ചു.
പുഴ നടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, മോളി തോമസ്, വർക്കി തേലേക്കാട്ട്, സി.ഡി. പോൾസണ്‍, ഡാലി ജോയ്, ലീനഡേവീസ്, പി.ആർ. ഭാസ്കരൻ, ലിജി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.