ആറുവയസുകാരന്റെ കാൽ ഇരുന്പു ഗ്രില്ലിനിടയിൽ കുടുങ്ങി
1297712
Saturday, May 27, 2023 1:25 AM IST
ചാലക്കുടി: മാർക്കറ്റിനകത്ത് അഴുക്കുചാലിനു മുകളിൽ ഇട്ടിരിക്കുന്ന തുരുന്പുപിടിച്ച ഇരുന്പ് ഗ്രില്ലിനിടയിൽ പിഞ്ചുകുഞ്ഞിന്റെ കാൽ കുടുങ്ങി.
ഇന്നലെ വൈകിട്ട് അഞ്ചിന് അമ്മയോടപ്പം നടന്നു പോകുന്പോഴാണ് തിരുമുടിക്കുന്ന് സ്വദേശി കിഴക്കിനേടത്ത് റിജോയുടെ മകൻ ജൈതൻ റിജോ എന്ന ആറു വയസുകാരന്റെ കാലുകൾ ഗ്രില്ലിന് ഇടയിൽപെട്ടത്. കാൽ പുറത്തെടുക്കാൻ കഴിയാതെ നിലവിളിച്ച കുഞ്ഞിന്നെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർഫോഴ്സ് എത്തി ഗ്രിൽ കട്ട് ചെയ്താണ് കാൽ പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ ടി.എസ്. അജയൻ, സി.ആർ. രതീഷ്, വി.ആർ. രജീഷ്, കെ. അരുണ്‍ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാർക്കറ്റിലെ കായ ചന്തയിലാണ് ഈ അപകടക്കെണി. ഇത് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് തുടങ്ങിട്ട് നാളുകൾ ഏറെയായി.